Monday 14 December 2015


ഒരുമയുണ്ടേല്‍... ഉലക്കമേലും

ഒരു പ്രളയം മതി സര്‍വ്വം നശിച്ച് നാശോന്‍മുഖമാകാനെന്ന് വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട് ചെന്നൈ നമുക്കുമുന്നിലുണ്ട്.  വികസനസമവാക്യങ്ങളെല്ലാംചേര്‍ത്ത് കെട്ടിപ്പൊക്കുന്ന അമ്പരചുംബികളുടെ വലിപ്പത്തിനനുസരിച്ച് പതിയെപതിയെ കാലിനടിയിലൂടൊലിച്ചുപോകുന്ന മണ്ണിന് വലിയ വിലകൊടുക്കേണ്ടിവരുമെന്ന തിരിച്ചറിവിലെത്തുമ്പോഴേക്കും ഒരു പക്ഷേ ഒന്നും ബാക്കികാണില്ല.  സര്‍വ്വംനശിച്ച് ഒരുതുള്ളി വെള്ളത്തിനായി ആകാശത്തേക്ക് കൈനീട്ടുന്നിടത്ത് ചെന്നെത്തിയിട്ടുണ്ടാകും..
പെയ്തിറങ്ങുന്ന മഴത്തുള്ളികളെയത്രയും വലിച്ചചടുക്കാന്‍ നമുക്ക് കാടുകളുണ്ട്... മണല്‍തരികളുണ്ട്... ആര്‍ത്തിരമ്പി കൊലവെറിയോടെയടുക്കുന്ന തിരകളെതടുക്കാന്‍ കണ്ടല്‍ വനങ്ങളുണ്ട്... ഏതുകൊടുംചൂടിലും പൊതിഞ്ഞ് കുളിരുതരാന്‍ പെരുങ്കാടുകളുമുണ്ട്.... തൊണ്ട വരളുമ്പോള് കോരിയെടുക്കാനും മാത്രം നദികളുമുണ്ട്... അറിവേറിയപ്പോള്‍ തിരിച്ചറിവ് കൈമോശം വന്നുപോയ തലമുറയോട് ഇടയിലക്കാട് തുരുത്തിലെ ജനങ്ങള്‍ക്ക് പറയാനുള്ളത് ഇത്രയൊക്കെയാണ്...കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തൃക്കരിപ്പൂരിലെ വലിയപറമ്പ പഞ്ചായത്തിലെ ചെറിയൊരു തുരുത്താണ് ഇടയിലക്കാട്.  കേരളത്തിലെ ഏറ്റവും നീളം കൂടിയ കടല്‍തീരമുള്ള പഞ്ചായത്തിലെ ജനവാസമുള്ള തുരുത്ത് എന്ന് പറയുന്നതാകും ഈ നാടിന് കൂടുതല്‍ ചേര്‍ച്ച. കവ്വായികായലിന്റെ ഓളങ്ങളെ ഏറ്റുവാങ്ങിക്കൊണ്ട് അതിന്റെ എല്ലാകുസൃതിത്തിങ്ങളും കണ്ട് തഴമ്പിച്ച ഇടയിലക്കാടിനെ വെള്ളാപ്പ് ഗ്രാമത്തിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ബണ്ടുമുണ്ട്.  ദ്വീപെന്ന് വിളിക്കാന്‍മാത്രം വിസൃതി(312.01ഏക്കര്‍)കുറവായതിനാല്‍ ഈ നാട് കവ്വായികായലിലെ തുരുത്തായിതീര്‍ന്നു.  അതില്‍ 16 ഏക്കര്‍ വനമാണ്.  സമുദ്ര നിരപ്പില്‍ നിന്നും വെറും 2 മീറ്റര്‍ മാത്രമാണ് തുരുത്തിന്റെ ഉയരം.  1305 പേര്‍ പല കുടുംബങ്ങളിലായി ഇടയിലക്കാടിന്റെ രീതികള്‍ക്കൊത്ത് ജീവിക്കുന്നു.
ഒരു തരി മണ്ണ് പോലും കളഞ്ഞുപോകരുതെന്ന് നിര്‍ബന്ധമുണ്ട് ഇടയിലക്കാടിലെ ജനങ്ങള്‍ക്ക്....  ഇടതൂര്‍ന്നകാടു നീങ്ങി ജനവാസം പതിയെ കടന്നുവന്ന നാടാണെന്ന തികഞ്ഞ ബോധമാകാം ഒരുപക്ഷേ ഈ സ്‌നേഹത്തിനു പിന്നില്‍.  അങ്ങനെയൊരു ചരിത്രമുണ്ട് ഈ നാടിന്.  ഒരുകാലത്ത് വലിയ പറമ്പ് പഞ്ചായത്തിലെ 3 തുരുത്തുകളും ഇടതൂര്‍ന്ന കാടുകളായിരുന്നുവെന്നും വന്‍ജൈവവൈവിധ്യ കലവറകളായിരുന്നുവെന്നും കാലാന്തരം കാട്  രൂപാന്തരം വന്ന് തുരുത്തുകളായി തീര്‍ന്നതാണെന്നും ജിയോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.  തുരുത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പ്രകൃതിക്ഷോപങ്ങളെ ചെറുത്തുനില്‍ക്കാനുള്ള കെല്‍പില്ലാത്തവയായതിനാല്‍ നാട്ടിലെ ഏല്ലാവിഭാഗം ജനങ്ങളും ഒരുമിച്ച് തങ്ങളുടെ നിലനില്‍പിന്റെ ശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു.  കണ്ടല്‍ക്കാടുകളുടെ അപൂര്‍വ്വകലവറകളിലൂടെ മദിച്ചു നടന്ന കായല്‍ മുതലകളുടെ കഥകള്‍ കേട്ടുവളര്‍ന്ന ഇടയിലക്കാടുകാര്‍ പിന്നീട് കണ്ടത് വികസനത്തിന്റെയും തീരസംരക്ഷണത്തിന്റേയും പേരില്‍ വന്‍തോതില്‍ കണ്ടലുകള്‍ നശിപ്പിക്കപ്പെടുന്നതാണ്.  നാടിനൊരു പുത്തന്‍ ഉദയം സമ്മാനിച്ചുകൊണ്ട് നവോദയ വായനശാലാ പ്രവര്‍ത്തകര്‍ വഴിവിളക്കായി മുന്നില്‍ നിന്നപ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ ചെറുത്തുനില്‍പ്പിനായി അണി നിരന്നു.  കവ്വായിയിലിറങ്ങി കായലിനെ വീണ്ടും കണ്ടലുകള്‍കൊണ്ട് അലങ്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചു.  ഓളപ്പരപ്പുകള്‍ക്കൊപ്പം കണ്ണിന് കുളിരു നല്‍കുന്ന ആയിരത്തിലധികം കണ്ടലകളിന്ന് കവ്വായിയില്‍ പച്ചവിടര്‍ത്തുന്നുണ്ട്.  
കവ്വായികായലില്‍തന്നെ സ്ഥിതി ചെയ്യുന്ന പൂഴിക്കാടാണ് ഇടയിലെതുരുത്ത്.  കായല്‍തുരുത്തായ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഉപ്പുകൂടാത്ത ശുദ്ധജലം നല്‍കുന്നതില്‍ നല്ലൊരു പങ്ക് ഈ പൂഴിക്കാടിനാണ്.   പൂഴിക്കാടില്‍ നിന്നും വന്‍തോതില്‍ മണല്‍ക്കൊള്ള നടന്നപ്പോള്‍ അതിനെതിരെ എതിര്‍പ്പിന്റെ ശൃംഘലതീര്‍ത്താണ് അവര്‍ മണല്‍ കൊള്ളക്കാരെ ഓടിച്ചത്.  കുടിവെള്ളത്തിനുവേണ്ടി മറ്റൊരു വഴിയും തേടേണ്ടി വന്നിട്ടില്ല ഇവിടുത്തുകാര്‍ക്ക്.  ഇടയിലക്കാട് ദ്വീപിന്റെ തെക്കേ അറ്റത്തെ മുനമ്പ് ശക്തമായ നീരൊഴുക്കില്‍ വെള്ളത്തോട് ചേരുന്നതിലെ അപകടം തിരിച്ചറിഞ്ഞ് വായനശാലാ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മുനമ്പില്‍ അന്‍പതോളം മരതൈകള്‍ വെച്ചുപിടിപ്പിച്ചു.  അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്‌ക ഇന്റര്‍നാഷണലന്റെ സഹകരണത്തോടെ ഗ്രാമത്തിലെ വീടുകളില്‍ രണ്ട് വര്‍ഷങ്ങളിലായി 500 നെല്ലിതൈകള്‍ നട്ടു വളര്‍ത്തുന്നു.  മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇഴുകിച്ചേരലുകളുടെ പുസ്തകാമാണ് ഈ നാട്.  അതുകൊണ്ടാണ് മതവും രാഷ്ടീയവും കുലവും വലിപ്പ ചെറുപ്പവും നോക്കാതെ ഇവര്‍ക്കിങ്ങനെ ഒരുമിക്കാനായത്.  ഏതുനേരവും വെള്ളത്തോട് ചേര്‍ന്നേക്കാവുന്ന മണ്ണിലും ഇവര്‍ സന്തുഷ്ടരാണ്.  ഇവിടെ ഒരു മുത്തശ്ശിയുണ്ട്.  പേരമക്കള്‍ക്ക് രാജാകുമാരന്‍മാര്‍ കടലുകടന്നുവരുന്ന കഥകളല്ല... പുരാണങ്ങളും ഇതിഹാസങ്ങളുമല്ല അവര്‍ പകര്‍ന്നുകൊടുക്കുന്നത്... പകരം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ കെട്ടുപിണയലുകളെ അവര്‍ തലമുറകള്‍ക്ക് പരിചയപ്പെടുത്തി.  അങ്ങനെയാണ് ഇടയിലക്കാടിലെ മാണിക്കമ്മ അകഷരാര്‍ത്ഥത്തില്‍ മാണിക്യമാകുന്നത്... മാണിക്കമ്മയുടെ ഒരു ദിവസം തുടങ്ങുന്നത് ഇടയിലക്കാട് കാവിലെ വാനരക്കൂട്ടങ്ങള്‍ക്ക് അന്നം വിളമ്പിക്കൊണ്ടാണ്.  അരിക്കലത്തിലെ ഒരു പങ്ക് പറ്റാനായി മാണിക്കമ്മയുടെ വിളിയും കാത്ത് കുരങ്ങ് പടകളും റെഡിയാകും.  കാട്ടുവള്ളികളില്‍ ഊഞ്ഞാലാടിയും മലക്കം മറിഞ്ഞും അവ മാണിക്കമ്മയെ പൊതിയും. ഇടയിലക്കാടിന്റെ സൗന്തര്യമാസ്വദിക്കാനെത്തുന്നവിര്‍ക്ക് കൗതുകമാണ് എന്നും ഈ കാഴ്ച.  നാട്ടുകാരില്‍ പലരും സാമ്പത്തികമായ സഹായങ്ങള്‍ നല്‍കുന്നതാണ് മാണിക്കമ്മക്ക് അന്നദാനം തുടരാന്‍ പ്രേരണയാകുന്നത്.
ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുന്നതിന് മുന്‍പ് കാസറഗോഡ് തളങ്കര മുഹമ്മദ് കുഞ്ഞി ബ്യാരി എന്ന ജന്‍മിയുടെ കൈവശമായിരുന്നു.  കടലൊഴിഞ്ഞുപോയി മണല്‍തിട്ടകളും കായല്‍ തീരങ്ങളുമായ  എക്കല്‍ മണ്ണ് നിറഞ്ഞ പൂഴി പ്രദേശങ്ങളാണ് ഇടയിലക്കാട്.  മണ്ണിന്റെ വളക്കൂറ് തിരിച്ചറിഞ്ഞ ജന്‍മി കൃഷിയിറക്കുന്നതിനായി പല ഭാഗങ്ങളില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് പാര്‍പ്പിച്ചു. കൃഷിചെയ്തും മണ്ണിനെ സ്‌നേഹിച്ചും അവരങ്ങനെ ഇടയിലക്കാട്ടില്‍ ജീവിച്ചു.  പരിസരപ്രദേശങ്ങളിലെ ചെറ്റക്കുടിലുകളില്‍ആശ്രിതരെ കൊണ്ട് പാര്‍പ്പിച്ചു.  അത്തരക്കാര്‍ കൃഷി ഉപജീവനമാര്‍ഗ്ഗമാക്കി ഇവിടെ താമസിച്ചുവന്നു. ഭൂപരിഷ്‌കരണ നിയമത്തോടെ സ്വന്തമായി ഭൂമിലഭിച്ചവര്‍ കര്‍ഷകകുടുംബങ്ങളായി മാറി.
 പിന്നീട് വെള്ളാപ്പ് - ഇടയിലക്കാട് ബണ്ട് വന്നതോടെ ഇടയിലക്കാടിന്റെ മുഖച്ഛായ മാറി.  സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവും കാണായി.  ഇതാണ് ഇടയിലക്കാടിന്റെ ചരിത്രവും വര്‍ത്തമാനവും. മണ്ണും മനുഷ്യനും കുഴഞ്ഞു ജീവിക്കുന്ന അപൂര്‍വ്വകാഴ്ചയാണ് ഇന്ന് ഇടയിലക്കാട്.
കേരളത്തില്‍ നോട് ചേര്‍ന്ന് കിടക്കുന്ന പ്രധാനപ്പെട്ട മൂന്ന് കാവുകളില്‍ ഏറ്റവും വലിപ്പം കൂടിയ കാവും ഇടയിലക്കാടിന് സ്വന്തമാണ്.  കൊയിലാണ്ടി പൊയില്‍ കാവും കൊടുങ്ങല്ലൂര്‍ ശങ്കുളങ്ങരക്കാവുമാണ് മറ്റു രണ്ടു കാവുകള്‍.  നാഗക്കാവും ആയിറ്റി ഭഗവതിക്കാവും ചേര്‍ന്ന് 16 ഏക്കര്‍ വിസ്തൃതിയുണ്ട് ഈ കാവിന്.  ജനവാസമുള്ള പ്രദേശത്ത് കുരങ്ങന്‍മാരുടെ സാനിധ്യമുള്ള കാവെന്ന ഖ്യാതിയും ഇടയിലക്കാടിനുണ്ട്.  കാവിനെ അതിന്റെ ജൈവവൈവിധ്യത്തോടെ സംരക്ഷിക്കാന്‍ നാട്ടുകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്.  വായനശാല പ്രവര്‍ത്തകര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് കാവിനകത്തെ മരങ്ങളെ തിരിച്ചറിയാനും കാവിനെ മലിനമാക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കെ ചെയ്യുകയും അതിന്റെ വൈവിധ്യം ഒട്ടും നഷ്ടപ്പെടുത്താതെ സംരക്ഷിക്കാനുമായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍നടന്നിട്ടുണ്ടിവിടെ... മറ്റെവിടെയും കാണാത്ത ജൈവ വൈവിധ്യം ഇവിടെ കാണുന്നുവെന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.  അത്രമേല്‍ മണ്ണും മനുഷ്യനും  ഇഴുകിച്ചേര്‍ന്നിട്ടുണ്ടിവിടെ.  വലിയ വിസ്താരമൊന്നുമില്ലാത്ത ഏതുനേരവും എന്തും സംഭവിച്ചേക്കാവുന്ന ഒരു നാട്ടില്‍ ഓരുമയുടെ പിന്‍ ബലത്തില്‍മാത്രം ജീവിതം കരുപ്പിടിപ്പിക്കുന്നുവെങ്കില്‍ ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാമെന്ന് ഒരാവര്‍ത്തികൂടി പറയുകയല്ലേ... ഇടയിലക്കാടുകാര്‍.



2 comments:

  1. വിക്കിപീഡിയയിൽ ലേഖനം എഴുതുയിട്ടുണ്ട്. കുറച്ചു പടങ്ങൾ കിട്ടുമായിരുന്നുവെങ്കിൽ പൊലിപ്പിക്കാമായിരുന്നു.

    ReplyDelete