Thursday 4 February 2016

 മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമോ?...


കൊട്ട മടയാനറിയാം, മാലക്കായ് പൊറ്ക്കി മാല്യാക്കും.... പിന്നേ.... കൊറഗര്‍കോളനിയിലെ സിന്ധുവും തുളസിയും മുറിമലയാളത്തില്‍ പറഞ്ഞ് മുഖത്തോട് മുഖംനോക്കിചിരിച്ചു. പരഞ്ഞത് നേരെന്ന്യേ... സിന്ധു എന്നെ വിശ്വസിപ്പിക്കാനെന്നവണ്ണം മെടഞ്ഞ് പകുതിയായ കൊട്ടകയ്യിലെടുത്ത് മെടഞ്ഞുതുടങ്ങി. വല്ലാത്തൊരുവേഗത്തില്‍ അവളുടെ കൈകള്‍ ചലിക്കുന്നതും നോക്കി ഞാനിരുന്നു. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ഓരോന്ന് വരഞ്ഞിട്ടുണ്ട്, ഇവരുടെ തലവര ഇങ്ങനെയാണ്. പറഞ്ഞത് തുളസിയേയും സിന്ധുവിനേയും പഠിപ്പിക്കുന്ന അധ്യാപകനാണ്. ഇത് വളരെ പഴയൊരു ആദിവാസി വിഭാഗമാണ്. വിശ്വസിക്കാന്‍ പ്രയാസമുള്ള പല ആചാരങ്ങളുമായി ജീവിക്കുന്നവര്‍.... ഒരുപാട് വര്‍ഷം പിറകിലാണ് ഇവരുടെ ജീവിതം. മാസ്റ്റര്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു. ഇത് ഉപയോഗശൂന്യമായ ശൗചാലയത്തിനകത്ത് വര്‍ഷങ്ങളായി ജീവിതം ജീവിച്ചുതീര്‍ക്കുന്ന സുഗന്ധി.ഗര്‍ഭകാലത്ത് ഭര്‍ത്താവുമൊത്ത് ശൗചാലയത്തില്‍ കഴിയുന്ന ഇവരുടെ കഥ പത്രത്തിലൊക്കെ വാര്‍ത്തയായിരുന്നു. മാസ്റ്റര്‍ പറഞ്ഞു. പുതിയ വീട് തായെ എട്ക്ക്ന്ന് അത്‌ബെരെ ഞാളീടെ കയീന്ന്... മുറിക്കകത്തുനിന്നും പുറത്തിറങ്ങാതെ പതിഞ്ഞസ്വരത്തില്‍ സുഗന്ധി ഞങ്ങളോട് പറഞ്ഞു. രണ്ട് വയസ്സ് മാത്രം പ്രായമുള്ള അവളുടെ കുഞ്ഞ് മുഖം പിറകിലേക്ക് വലിച്ച് കിടക്കുന്നുണ്ട്. കോളനിയിലെ ചിലയിടങ്ങളില്‍ ആള്‍താമസം തോന്നിക്കാത്ത ചില വീടുകളുണ്ട്. അവയൊക്കെ പ്രേതാലയങ്ങളത്രേ... താമസിക്കുന്ന വീട്ടില്‍ ഒരു മരണം നടന്നാല്‍ പിന്നീടതിന് അയിത്തം കല്‍പ്പിച്ച് മാളങ്ങളിലും പട്ടിക്കൂടുകളിലുമൊക്കെ കഴിയുന്ന ഇവരുടെ വിചിത്രരീതികളെക്കുറിച്ച് പുറംലോകത്തിന് അത്ര അറിവ് പോര. പ്രസവ ശുശ്രൂഷകള്‍ കൃത്യമായി നടത്താതിരിക്കുന്നതും, മരുന്നുകള്‍ വിഷം പോലെ വര്‍ജ്ജിക്കുന്നതും ഇവരുടെ പൊതു സ്വഭാവമത്രേ....
മുറുക്കിച്ചുവന്ന മോണകാട്ടിചിരിച്ച് പ്രായചെന്ന ഒരു സ്ത്രീ കൊട്ടമെടയുന്നു. വല്ലാത്തൊരന്താളിപ്പോടെ എന്നെനോക്കുന്ന ആ കണ്ണുകളെ ക്യാമറയിലൊപ്പിയെടുക്കാന്‍ നടത്തിയ ശ്രമം ചെറിയൊരു വഴക്കില്‍ ചെന്നവസാനിച്ചു. പടം പിടിക്കേണ്ടെന്ന് പറയാന്‍ തമിഴ് പടത്തിന്റെ മുന്നില്‍ നിന്നും എഴുന്നേറ്റുവന്ന പുതിയ തലമുറ ഞങ്ങളെ മിഴിച്ചു നോക്കി.... കോളനിയില്‍ പ്ലസ്ടുവും അതിനു മുകളിലും വിദ്യാഭ്യാസം നേടിയവരുണ്ട്. അവരൊക്കെയും പിന്നീട് കവലയിലും തെരുവുകളിലും കൊട്ടവിറ്റ് ജീവിക്കും. ജാതിക്കിടയിലെ ഉപജാതികള്‍ തമ്മിലും അകലത്തിന്റെ കണക്കുകള്‍ ഇന്നും ഇവിടെ ഊരുമൂപ്പന്‍ തീരുമാനിക്കും. മുന്നേ എത്തിയ ഈ വിഭാഗങ്ങളുടെ അംഗസംഖ്യ അപായകരമാം വിധം കുറഞ്ഞിട്ടുണ്ടെന്നാണ് പുതിയ കണക്കുകള്‍. പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ തലവന്‍ പറയുന്നത് ഇതൊക്കെ ഒരു പരിധി വരെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ കൃത്യസമയത്ത് നടക്കാത്തതിന്റെ പ്രശ്‌നവും ഒപ്പം മാറാന്‍ കൂട്ടാക്കാത്ത ഒരു ജനതയുടെ മാമൂലുകളുടെ അതിപ്രസരവുമാണെന്നാണ്. കുഞ്ഞിനെ മാറില്‍ ചേര്‍ത്ത് പിടിച്ച് മുറിക്കകത്തുനിന്നും സുഗന്ധി നോക്കിയ ആ നോട്ടത്തിനു മുന്നിലും മനസ്സലിയാത്ത കടുത്ത ജാതീയത മനസ്സില്‍ സൂക്ഷിക്കുന്നവര്‍ പ്രമോട്ടര്‍ മാരാകുന്നു. അവന്റെ കറുത്ത തൊലിപ്പുരത്തെ പഴുത്തൊലിക്കുന്ന വ്രണങ്ങള്‍ ഒപ്പിമാറ്റാന്‍ മടിച്ചുനില്‍ക്കുന്നവര്‍ ആതുരസേവനത്തിന് നിയോഗിക്കപ്പെടുന്നു.... എവിടെയാണ് മാറ്റമുണ്ടാകേണ്ടത്?... തിരിച്ചു നടക്കുമ്പോളും തുളസി പറഞ്ഞത് മനസ്സില്‍ കിടന്ന് പിന്നെയും പിന്നേയും മുഴങ്ങി കൊട്ടമെടയാനറിയാം... മാലക്കായ് പെറുക്കി മാലകെട്ടും....


No comments:

Post a Comment