ദില്‍ന വികസ്വര
കാസര്‍ഗോഡ് (www.kasargodtimes.com): പൊള്ളുന്ന ചൂടാണ് ചുറ്റും… എ.സി കാറുകളില്‍ നിന്ന് ഇറങ്ങാതിരിക്കാന്‍ യാതൊരു നിവൃത്തിയുമില്ലാത്തതിനാല്‍ നമ്മുടെ സ്ഥാനാര്‍ത്ഥികളും വെയിലിന്റെ കാഠിന്യം അറിഞ്ഞുതുടങ്ങിയിട്ടുണ്ട്. വെളുക്കെച്ചിരിച്ചും, കൈകൂപ്പിയപേക്ഷിച്ചും വോട്ട് തേടുന്നവര്‍ തലയ്ക്കുമുകളില്‍ മറച്ച ഒരു കടയ്ക്കടിയിലിരുന്ന് വഴിപോക്കരുടെ ചെരുപ്പുകള്‍ തുന്നി നന്നാക്കുന്ന ഇക്കൂട്ടര്‍ക്കടുത്ത് ഇനിയും എത്തിയിട്ടില്ലത്രേ… വര്‍ഷങ്ങളായി നഗരത്തിന്റെ വെയിലും, മഴയും കൊണ്ട് തഴമ്പിച്ച തലമുറയാണ് ചക്ലിയന്‍മാരുടേത്. പലവട്ടം തിരഞ്ഞെടുപ്പുകള്‍ വന്നുപോയി, പല സ്ഥാനാര്‍ത്ഥികളും വോട്ടുതേടിയെത്തി…. വെര്ന്നവരെല്ലാം എല്ലാം ശരിയാക്കിതരാന്ന് പറഞ്ഞ് പോയി, പിന്നെ കണ്ടില്ല, പത്രികേലും വന്ന് എന്നിറ്റും കാര്യൂലാ… നമ്മളിങ്ങനെ തന്നെ തീരും… അറുപത്കഴിഞ്ഞ രാമപ്പ പറഞ്ഞു നിര്‍ത്തി. പഴയ ബസ്റ്റാന്റ് പരിസരത്തെ കടത്തിണ്ണയോട് ചേര്‍ന്ന് ഇവരിങ്ങനെ ചെരുപ്പ് തുന്നിത്തുടങ്ങിയിട്ട് ദശകങ്ങള്‍ പിന്നിടുന്നു. വെയിലും മഴയും മാറിമാറി വന്നതിനിടയില്‍ പത്തിലധികം പേര്‍ മരണമടഞ്ഞു. പകുതിയും അകാലമരണങ്ങള്‍. 12 പേരാണ് ഇപ്പോള്‍ ചെരുപ്പു തുന്നാനായുള്ളത്. വഴിയോരക്കച്ചവടക്കാര്‍ക്കും, ചെരുപ്പുതുന്നികള്‍ക്കുമായി നഗരത്തില്‍ ഒരു ഷെഡ് എന്ന ആവശ്യം കാലങ്ങളായി ഇവര്‍ നഗരസഭയ്ക്കും, എം.പിയ്ക്കുമൊക്കെ നല്‍കിയിരുന്നെങ്കിലും ഒന്നും വിലപ്പോയില്ല. വോട്ട് തേടി പാഞ്ഞു നടക്കുന്ന സ്ഥാനാര്‍ത്ഥിമാരുടെ കണ്ണുകള്‍ നഗരത്തിന്റെ ഈ കോണുകളില്‍ കൂടി എത്തിയിരുന്നുവെങ്കില്‍….