Tuesday 29 November 2016

പാവങ്ങളെ ഇങ്ങനെ പറ്റിക്കരുത്; വീട് തരാം എന്നു പറഞ്ഞ് കാസര്‍ഗോഡ് നഗരസഭ ചെയ്തത്

                                                                അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്‌


പാവങ്ങളെ ഇങ്ങനെ പറ്റിക്കരുത്; വീട് തരാം എന്നു പറഞ്ഞ് കാസര്‍ഗോഡ് നഗരസഭ ചെയ്തത്

ഓരോ ദിവസവും ഇരുണ്ട് പുലരുമ്പോഴും നെഞ്ചില്‍ തീയാണ് കാസര്‍ഗോട് തളങ്കരയിലെ നബീസയ്ക്ക്. ക്ലോക്കിലെ സൂചി നിര്‍ത്താതെ പായുന്നതിനനുസരിച്ച് വയറും കരഞ്ഞു തുടങ്ങും. ഉപജീവനമാര്‍ഗ്ഗമോ മറ്റ് വരുമാനമോ, ആശ്രയമോ ഇല്ലാത്ത ഈ അറുപതുകാരിക്ക് ഒരു നേരം വിശപ്പാറ്റണമെങ്കില്‍ അന്യരുടെ മുന്നില്‍ കൈനീട്ടണം. അങ്ങനെ കിട്ടുന്നവ കൊണ്ടാണ് നബീസയുടെ വാടക വീട്ടിലെ രണ്ട് വയറുകള്‍ കഴിയേണ്ടത്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉപേക്ഷിച്ചു പോയപ്പോഴും ഇവര്‍ തളര്‍ന്നിരുന്നില്ല. ആടുവളര്‍ത്തിയും മറ്റും മകളെ വളര്‍ത്തി. ഓലകൊണ്ടുണ്ടാക്കിയ കൊച്ചുകൂരയില്‍ ഒരുമ്മയും മകളും ജീവിതം തള്ളി നീക്കി. എന്നാല്‍ പ്രായം തളര്‍ത്തിയ ശരീരത്തില്‍ അസുഖങ്ങളും പിടിമുറുക്കിയതോടെ ഒരു ദിവസം എങ്ങനെ തള്ളിനീക്കുമെന്നറിയാതെ ആ ഉമ്മയും മകളും പകച്ചു നിന്നു. വിശപ്പടക്കാന്‍ പോലും വഴിയില്ലാത്ത അവസ്ഥ. എന്നാല്‍ നബീസ ഭയം മുഴുവന്‍ വളര്‍ന്നു വരുന്ന മകളെ കുറിച്ചോര്‍ത്തായിരുന്നു. ഓലക്കുടിലില്‍ പ്രായപൂര്‍ത്തിയെത്തിയ മകളുമൊത്തുള്ള ജീവിതം ഉറക്കം കെടുത്തിയപ്പോഴാണ് ഈ ഉമ്മ വാടക വീട് തേടിയത്. എന്നാല്‍ ആ വാടകവീട്ടിലും തന്റെ മകള്‍ എത്രത്തോളം സുരക്ഷിതയായിരിക്കുമെന്ന് നബീസയ്ക്ക് ഉറപ്പില്ലായിരുന്നു.
'



നബീസയുടെ പ്രതീക്ഷ മുഴുവന്‍ നഗരസഭ വെച്ചുനല്‍കുമെന്ന് പറഞ്ഞ വീടായിരുന്നു. കഴിക്കാന്‍ ഭക്ഷണമില്ലെങ്കിലും മനസമാധനത്തോടെ തന്റെ മകളുമായി കിടന്നുറങ്ങാന്‍ കഴിയുമല്ലോയെന്നായിരുന്നു ഈ ഉമ്മയുടെ മനസില്‍. എന്നാല്‍
നബീസയ്ക്ക് വീടെന്ന സ്വപ്‌നം നഗരസഭ നല്‍കിയിട്ട് ഇപ്പോള്‍ പത്തുവര്‍ഷം കഴിഞ്ഞിരിക്കുന്നു. അവര്‍ ഇപ്പോഴും വാടകവീട്ടില്‍ തന്നെ.

നബീസയെ പോലെ, പ്രായം അന്‍പത് പിന്നിട്ടിട്ടും ഇന്നും സ്വന്തമായൊരു കൂര നിര്‍മ്മിക്കാന്‍ കഴിയാത്ത ബഷീറിനെ പോലെ, അസുഖം, കുടുംബ ബാധ്യതകള്‍, കടം ഇങ്ങനെ പല കാരണങ്ങളാലും ഒരുതരി മണ്ണ് പോലും സ്വന്തമായില്ലാത്ത 115 പേരെ കാസര്‍കോട് നഗരസഭ ഒരു സ്വപ്‌നം കാണിച്ചിരുന്നു, കയറിക്കിടക്കാന്‍, തന്റേതെന്ന് പറയാന്‍ സ്വന്തമായൊരു വീടെന്ന സ്വപ്‌നം. 2005-06 വര്‍ഷത്തെ പദ്ധതിയില്‍ കുടുംബശ്രീയെകൂടി ഉള്‍പ്പെടുത്തി ആശ്രയ എന്നപേരില്‍ സ്വപ്‌ന ഭവന പദ്ധതി പിറന്നത് അങ്ങനെയാണ്. നഗരസഭ പരിധിയിലെ ഏറ്റവും നിര്‍ധനരും, ആശ്രിതരുമായ 15 പേര്‍ക്ക് ആദ്യഘട്ടത്തില്‍ വീട് പാസായി. നബീസയും ബഷീറുമെല്ലാം ഇവരില്‍ ഉള്‍പ്പെട്ടവരാണ്.
കാസര്‍കോട് നഗരത്തില്‍ നിന്നും അല്‍പം മാറി പുലിക്കുന്നിലെ ഓണമൂല എന്ന പ്രദേശത്താണ് 2008-09 വര്‍ഷം പതിനഞ്ച് സ്വപ്‌ന ഭവനങ്ങള്‍ നിര്‍മാണം തുടങ്ങിയത്. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം കഥ മാറിമറിഞ്ഞു. വീടുകള്‍ കെട്ടി. പക്ഷേ ചതുപ്പ് നിലമായതിനാല്‍ കക്കൂസ് പണിയാന്‍ സാധിക്കില്ല. ആ കാരണം കൊണ്ടു തന്നെ ഇന്നും ഈ വീടുകള്‍ കാടുമൂടിക്കിടക്കുന്നു. ചുമരുപൊക്കി, കോണ്‍ക്രീറ്റ് ചെയ്ത് കിടക്കുന്ന 15 വീടുകള്‍ ഓണമൂലയിലുണ്ട്. കടന്നെത്താന്‍ ബുദ്ധിമുട്ടുന്ന തരത്തില്‍ കാടുപിടിച്ചിരിക്കുന്നു. ജീവിതകാലം മുഴുവന്‍ വാടകക്കാരാകേണ്ട ഗതികേടില്‍നിന്നും മോചനം സ്വപ്നം കണ്ടവരുടെ വീടുകളാണിങ്ങനെ അനാഥമായികിടക്കുന്നത്. വീടനുവദിച്ചവര്‍ക്ക് കൃത്യമായ രേഖകളുടെ കോപ്പി മാത്രമാണ് ഇപ്പോഴും നഗരസഭ കൊടുത്തിട്ടുള്ളത്. യഥാര്‍ത്ഥരേഖ കൈയ്യില്‍ കിട്ടുന്നതുവരെ ആ ഭൂമിയിന്‍മേല്‍ അവര്‍ക്കാര്‍ക്കും യാതൊരവകാശവുമില്ല.

ഒരു മനുഷ്യായുസ്സ് മുഴുവന്‍ കഷ്ടപ്പെട്ടിട്ടും അന്തിയുറങ്ങാന്‍ സ്വന്തമായൊരു കൂരയില്ലാത്തവനെ ഉണര്‍ത്തി വീടു നല്‍കാമെന്ന് പറഞ്ഞ നഗരഭാ അധികൃതര്‍ പലപ്പോഴായുള്ള ഈ പട്ടിണിപ്പാവങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായൊരുത്തരം നല്‍കിയിട്ടില്ല, ഇതുവരേയും. 50 ലക്ഷം രൂപ ചെലവില്‍ പണിതുടങ്ങിയ പദ്ധതി പാതിവഴിയില്‍ കാടെടുക്കാന്‍ തടങ്ങിയപ്പോള്‍ പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ നഗരസഭാ അധികൃതരെ ചോദ്യം ചെയ്യാനിറങ്ങി. കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് കുടുംബശ്രീയാണെന്നായിരുന്നു അധികൃതരുടെ മറുപടി. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി സ്ഥലം മാറിപ്പോയെന്നും, പഴയ ഫയലുകളെക്കുറിച്ച് തനിക്ക് യാതൊരറിവുമില്ലെന്നും ഫയലുകള്‍ പഠിച്ചിട്ട് പറയാമെന്ന് പുതിയ മെമ്പര്‍ സെക്രട്ടറിയും പറഞ്ഞു. നിരന്തരമായി മാധ്യമങ്ങള്‍ നഗരസഭാ ചെയര്‍പേഴ്ണിനോട് തിരക്കിയപ്പോള്‍ സ്ഥലത്തിന്റെ പ്രത്യേകതയും, അവിടെ കക്കൂസ് സൗകര്യവും, നടവഴിയുമൊരുക്കുവാനുള്ള പ്രയാസവുമാണ് അവര്‍ തടസമായി പറഞ്ഞത്. കൂട്ടത്തില്‍ ഒരുറപ്പും പറഞ്ഞു. വര്‍ഷാവസാനത്തോടെ താക്കോല്‍ ദാനം എന്നതാണ് നഗരസഭ ലക്ഷ്യം വെയ്ക്കുന്നതെന്ന്.

ഇതിനിടയിലും കോണ്‍ക്രീറ്റ് വര്‍ക്ക് കഴിഞ്ഞ വീടിന്റെ മറ്റു പണികള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ തീര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് മറ്റൊരു ഗുണഭോക്താവായ ബഷീര്‍. പണിമുഴുവന്‍ പൂര്‍ണ്ണമായാലും പൂര്‍ണ ഉടമസ്ഥാവകാശത്തിന് കടമ്പകളിനിയും കടക്കേണ്ടതുണ്ട് ബഷീറിന്.




വിശാലമായ പ്രദേശത്ത് മേല്‍ക്കൂരകള്‍ വാര്‍ത്തു വെച്ച പതിനഞ്ചു വീടുകള്‍ അനാഥമായിക്കിടക്കുന്നത്, സാമൂഹ്യവിരുദ്ധര്‍ താവളമാക്കിയിരിക്കുകയാണ്. രണ്ട് മണിക്കും മൂന്ന് മണിക്കുമെല്ലാം വീടുകളില്‍ വെളിച്ചം കാണാമെന്നും, പകല്‍വെട്ടം കണ്ടുകഴിഞ്ഞാല്‍ പിന്നെ ആളുകളെ കാണില്ലെന്നും സമീപപ്രദേശത്തെ താമസക്കാര്‍ പറയുന്നു. അതിനാല്‍ തന്നെ സന്ധ്യകഴിഞ്ഞാല്‍ സ്ത്രീകളും, കുട്ടികളും മുറ്റത്ത് പോലും തനിച്ചിറങ്ങാറില്ലത്രേ. നിരാശ്രയര്‍ക്ക് ആശ്രയമാകാന്‍ തുടങ്ങിയ പദ്ധതി സ്വൈര്യമായി ജീവിച്ചിരുന്ന പലരുടെയും മനസമധാനം തകര്‍ക്കുക കൂടിയാണ് ചെയ്തത്.

ആഘോഷക്കല്യാണ പാരമ്പര്യമുള്ള നാട്ടില്‍ സ്വന്തമായൊരു വീടില്ലെന്ന കാരണത്താല്‍ നാളെ നബീസയുടെ മകളുടെ വിവാഹം മുടങ്ങിപ്പോയാല്‍ തീര്‍ച്ചയായും നഗരസഭ ഉത്തരം പറയേണ്ടിവരും. മകളുടെ സുരക്ഷയ്ക്ക് വേണ്ടിമാത്രം താങ്ങാനാകാത്ത ഭാരം പേറിയ നബീസുമ്മയെപ്പോലെ ഇന്നല്ലെങ്കില്‍ നാളെ സ്വന്തമായൊരു വീട് തങ്ങള്‍ക്ക് കിട്ടിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന കുറേ പാവങ്ങള്‍. അവരിന്നും പ്രതീക്ഷയോടെ ജീവിക്കുകയാണ്. വിയര്‍പ്പൊഴുക്കിയതിന്റെ നല്ലൊരുഭാഗം വാടകക്കാരന് കൊടുത്തും, വിശപ്പടക്കാനും, വാടക കൊടുക്കാനും മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈ നീട്ടിയും അങ്ങനെ...