Wednesday 11 May 2016

പെണ്ണേ… ഇവിടെ നീ സുരക്ഷിതയല്ല: മകളെക്കുറിച്ച് ആധികയറി ഒരമ്മ പോലീസില്‍ പരാതിപ്പെടുമ്പേള്‍, അവള്‍ ഭ്രാന്തിയാകുമെങ്കില്‍ ഇവിടെ ഭ്രാന്തരല്ലാത്ത ആരാണുള്ളത്?



അടച്ചുറപ്പില്ലാത്ത മുറികളില്‍, വീടുകളില്‍ കഴിയുന്ന പെണ്ണിന്കേരളത്തില്‍ ഇനി രക്ഷയില്ല… പെരുമ്പാവൂരിലെ ജിഷ ആ ചിത്രം വളരെ വ്യക്തമായി കാണിച്ചുതന്നിരിക്കുന്നു. ദളിതരും, ചൂഷിതരും, സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവര്‍ക്കും, മുഖ്യധാരയെന്ന സാങ്കല്‍പിക ഭൂപടത്തിലേക്കിനിയും എത്തിയിട്ടില്ലാത്തവര്‍ക്കുമൊക്കെയായി മാനിഫെസ്റ്റോ പുറത്തിറക്കുന്ന ഭരണകൂടമാണ് നമ്മുടേത്. തിരഞ്ഞെടുപ്പെന്ന തലവേദന കഴിഞ്ഞ് അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ സൗകര്യപൂര്‍വ്വം മറന്നുകളയുന്ന വാഗ്ദാങ്ങളുടെ ഘോഷയാത്ര!!
സംസ്ഥാനത്തെ പോലീസ് സന്നാഹങ്ങള്‍ മുഴുവന്‍ കൂട്ടുപിടിച്ചിട്ടും, വലുതെന്ന് പറയാവുന്ന ഒരു തുമ്പും ഇതുവരേയ്ക്കും കൊണ്ടുവരാന്‍ കഴിയാത്ത പോലീസിനും, ഭരണകൂടത്തിനുമെതിരെ, ജിഷയ്ക്ക് വേണ്ടി സമരമിരുന്നവരെ പ്രകോപനങ്ങളേതുമില്ലാതെ തല്ലിച്ചതച്ചത് പ്രബുദ്ധമെവന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം നാം പറയാറുള്ള ഈ കേരളത്തില്‍ തന്നെയാണ്. അയല്‍ സംസ്ഥാനങ്ങളിലും, രാജ്യത്തിനകത്തുള്ള പല കോണുകളിലും ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ആദ്യം പ്രതികരിക്കുന്ന മലയാളി സമൂഹമാണ്. ഇതേ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് വീണ്ടും വീണ്ടും ഊരും പേരുമില്ലാത്തവര്‍ നടത്തുന്ന സമരമെന്ന് പറഞ്ഞ് സൗമ്യയ്ക്ക് വേണ്ടി നടത്തിയ ഹര്‍ത്താല്‍ ബഹിഷ്‌കരിച്ചത്.

എല്ലാ പാര്‍ട്ടി വക്താക്കളും ജിഷയുടെ കരഞ്ഞുതളര്‍ന്ന അമ്മയെകാണാനെത്തി. പ്രഹസനമെന്ന് തന്നെ വിളിക്കാവുന്ന കുറേ വാഗ്ദാനങ്ങളും നല്‍കി മടങ്ങി. ക്യാമറവെട്ടത്തിലാകുമ്പോള്‍ കഷ്ടപ്പെട്ട് കണ്ണീരണിഞ്ഞവര്‍, ഇസ്തിരിവെച്ച വസ്ത്രം നോക്കാതെ ആ സാധു സ്ത്രീയെ ചേര്‍ത്തു പിടിച്ചവര്‍… വണ്ടിപിടിച്ചും മൈലുകള്‍ താണ്ടിയും ആശുപത്രിയിലെത്തി കണ്ണുനീരുണങ്ങാത്ത മുഖത്തിനൊപ്പം സെല്‍ഫി പിടിച്ചവര്‍ അങ്ങനെ.
ഇനിയൊരു സൗമ്യ ഉണ്ടാകരുതെന്ന് ആവര്‍ത്തിച്ചു പറഞ്ഞുനടന്ന ഇവിടെതന്നെയാണ് പെരുമ്പാവൂരും. പെണ്ണിന് യാതൊരു സുരക്ഷയുമില്ലാത്ത, പെണ്ണിനെ മാനിക്കാത്ത, പെണ്ണിടങ്ങള്‍ പോലും നല്‍കാന്‍ മടിക്കുന്ന ഇവിടെ ഒരുകാലത്തെ സാമൂഹ്യ ശാപമായിരുന്ന പെണ്‍ഭ്രൂണഹത്യകള്‍ വീണ്ടും തിരികെ വന്നാല്‍ അതിശയിക്കേണ്ടതില്ല.. സുരക്ഷിതമല്ലാത്ത ഈ ലോകത്തേക്ക് അവള്‍ വരേണ്ടെന്ന് രക്ഷിതാക്കള്‍ തീരുമാനിക്കുന്ന കാലം വിദൂരമല്ല.
പരസ്പരം പഴിചാരാനും, വിഴുപ്പലക്കാനും മാത്രം സമയം കണ്ടെത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ തള്ളിക്കഞ്ഞുള്ള പ്രതികരണങ്ങളെ സ്വാഗതം ചെയ്യേണ്ടീയിരിക്കുന്നു. തിരഞ്ഞെടുപ്പുകളെ നാം അങ്ങനെതന്നെ നേരിടണം. ഇനിയും ജിഷമാരുണ്ടാകാതിരിക്കാന്‍ അത്രയെങ്കിലും നമ്മള്‍ ചെയ്യേണ്ടതില്ലേ?…

Thursday 5 May 2016

ഭരണകൂടം അതിന്റെ ഇരകളോട് പരസ്യമായ വഞ്ചനകാട്ടുമ്പോള്‍
പ്രബുദ്ധരായ കേരള ജനത എവിടെയാണ്?

ഊതിവീര്‍പ്പിച്ച പന്തുപോലെ വീര്‍ത്ത തലയും അതിനകത്തുനിന്നും ദാരുണമായി നമ്മെനോക്കി വിലപിക്കുന്ന കണ്ണുകളും, ശരീരം മുഴുവന്‍ ചൊറിഞ്ഞ് പൊട്ടി ചലമൊലിക്കുന്ന രു തുണ്ട് തുണിപോലും മറക്കാനാകാത്ത ദേഹവും, പ്രായം യൗവ്വനം കടക്കുമ്പോഴും അമ്മയുടെ മടിയില്‍ കൈക്കുഞ്ഞിനെപ്പോലെ കിടക്കുന്ന മനുഷ്യ ജന്‍മങ്ങളും ഒക്കെ അച്ചടിപുരണ്ട് നമ്മുടെ മുന്നിലെത്തിയപ്പോഴാണ് കേരളീയ ജനത കാസര്‍കോടിന്റെ ദുര്‍ഗ്ഗതിയറിഞ്ഞത്.  പിന്നാക്ക ജില്ലകളെ പിന്നാക്കം നിര്‍ത്താന്‍തന്നെ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റേയും, മാധ്യമ സംസ്‌കാരത്തിന്റേയും നേര്‍ക്ക് നീതിചോദിച്ച് കലഹിക്കാനും കലാപം കൂടാനും പലകുറി ഈ ജനത എത്തിയിട്ടുണ്ട്.  പ്രസവിക്കാന്‍ ഭയമാണീ മണ്ണിലെ അമ്മമാര്‍ക്കെന്ന് പലകുറി അന്തം വിട്ട് കേട്ടുനിന്നു ഈ സമൂഹം.  സാമൂഹ്യ മാധ്യമങ്ങള്‍ അത്രകണ്ട് പ്രചാരം നേടിയിട്ടില്ലായിരുന്നു അന്ന്... അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇരകള്‍ ഫേസ്ബുക്കിന്റെ കവറിലും പ്രൊഫൈലിലും കിടന്നുറങ്ങിയേനെ...
തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട്, ഭരണകൂടം ചെയ്ത ദ്രോഹത്തിന്റെ ഉണങ്ങാത്ത മുറിവുകളും പേറി കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ ഇരകളിന്നും നരകിക്കുന്നുണ്ട്.  വാഗ്ദാനങ്ങള്‍കൊണ്ട് വഞ്ചിക്കപ്പെട്ട ഒരുജനതയായി, ഭരണകൂടത്തിന്റെ കാതടപ്പിക്കുമാറൊച്ചത്തില്‍ അവര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിന്ന് അലറിവിളിച്ചു... ശബ്ദത്തേക്കാള്‍ വലിയ ശബ്ദമായ നിശബ്ദതകൊണ്ട്... കേരളത്തിലെ മനുഷ്യസ്‌നേഹിക്കുപ്പായം തുന്നിയണിഞ്ഞവര്‍ പലരും സമരപ്പന്തലില്‍ വന്നു.  ഇരകളുടെ നീതിക്കായി പലഭാഗങ്ങളില്‍ നിന്നും ശബ്ദമുയര്‍ന്നു. വര്‍ഷങ്ങളായി വിഷമഴ നനഞ്ഞതിന്റെ പേരില്‍ ഭരണകൂടം ഇരകളാക്കിയ സമൂഹത്തോട്  അധികാരികള്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതായറിയിച്ചു. അവശതയുടെ അങ്ങേയറ്റം പേറുന്ന കുഞ്ഞു ജീവനുകളുമായി തലസ്ഥാന നഗരിയില്‍ നിന്നും കാസര്‍കോടേക്ക് വണ്ടികയറിയ അമ്മമാര്‍ വീണ്ടും പറ്റിക്കപ്പെട്ടു.  വാഗ്ദാനങ്ങള്‍ പലതും വാഗ്ദാനങ്ങളായിമാത്രമൊതുങ്ങി.  ഒപ്പുമരച്ചോട്ടില്‍ പട്ടിണികിടന്നും., നിരാഹര സമരം നടത്തിയും, കമത്തില്ലാത്ത സമരങ്ങള്‍ നടത്തിയും അവര്‍ മടുത്തിരിക്കുന്നു.  ചികിത്സയ്ക്കായെടുത്ത കടം തിരിച്ചടക്കാനാകാതെ ജപ്തി നോട്ടീസ് കൈപ്പറ്റിയവരും, നിത്യരോഗികളായ മക്കലെ ചികിത്സിക്കാന്‍ പണമില്ലാതെ നട്ടം തിരിയുകയും ചെയ്യുന്ന ജനതയെ പ്രലോഭിപ്പിക്കാന്‍ എളുപ്പമാണ്.ആവശ്യങ്ങള്‍ ഏതാണെന്ന് പാര്‍ട്ടികള്‍ക്കെല്ലാമറിയാം.  ഇടതും വലതും പരസ്പരം പഴിചാരുന്നു, എന്‍.ഡി.എ ഇടയ്ക്കാശ്വസിപ്പിക്കുന്നു.  ചര്‍ച്ചചെയ്യാനും വായിട്ടലക്കാനും പുതിയ വിഷയം കിട്ടും വരേക്കും ഒപ്പം നിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരൊക്കെ ഉറക്കം നടിച്ചുകഴിഞ്ഞു.
ജനിച്ചു വീഴുന്ന പൈതങ്ങള്‍ക്ക് ജഡാധാരിയുടെ കോപം കൊണ്ടാണ് അപൂവ്വ രോഗം പിടിപെടുന്നതെന്ന് വിശ്വസിച്ച ഒരു ചരിത്രമുണ്ടായിരുന്നു, ഈ നാടിന്....തെയ്യം നടത്തിയും ഈശ്വരനോട് പ്രാര്‍ത്ഥിച്ചും രോഗശാന്തിക്ക് അപേക്ഷിച്ച കാലം കഴിഞ്ഞു.  അവകാശങ്ങള്‍ക്കായി കലഹിക്കുന്ന സമൂഹമായി ഇവര്‍ വളര്‍ന്നുകഴിഞ്ഞു.  ലക്ഷങ്ങളും കോടികളും മുടക്കി സ്വന്തം മണ്ഡലങ്ങളില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് തറക്കല്ലിടുന്ന നേതാക്കന്‍മാര്‍ അറിയുക ദശകങ്ങളായി ഈ പിന്നാക്ക ജില്ലയിലെ നല്ലൊരുശതമാനം ജനങ്ങളും ചികിത്സ കിട്ടാതെ മരിക്കുന്നുണ്ട്.  തറക്കല്ലിട്ട ഇടത്തുതന്നെ ഒരു മെഡിക്കല്‍ കോളേജുണ്ട് ഇവിടെ.. പ്ലെയിനിലും, ഹെലിപാഡിലും ജില്ലയിലെത്താന്‍ തിടുക്കം കൂട്ടുന്ന നേതാക്കന്‍മാര്‍ ഇതൊരു ജില്ലയാണെന്നും, കാസര്‍കോടുകൂടി ചേരുമ്പോഴേ കേരളത്തിന്റെ ഭൂപടം അവസനിക്കുന്നുള്ളൂവെന്നും തിരിച്ചറിഞ്ഞിരുന്നെങ്കില്‍....