Monday 23 September 2019

മലബാറിലെ തെയ്യക്കാവുകളില്‍ ബ്രാഹ്മണ കൈകടത്തിനു പിന്നില്‍ ഇടതു രാഷ്ട്രീയത്തിന്റെ പിന്‍വാങ്ങലോ?

അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്‌

“ഞാല് കൊറച്ചാള് ഡല്‍ഹീല് പൈത്യകോല്‍സവത്തിന് പോയിനേനും… തെയ്യത്തിന്റെ കോലത്തില്‍ ആ വേദിയില്‍ പോയതിന് എന്ന തെറി പറഞ്ഞോണ്ടേനും പോലും അയിലെ എഴ്ത്ത്”.

മലബാറിന്റെ തെയ്യം കേവലമൊരു കാലാരൂപം മാത്രമല്ല. നിലനില്‍പ്പിന്റെ, പരിസ്ഥിതിയുടെ, വിശ്വാസത്തിന്റെ, സംസ്‌ക്കാരത്തിന്റെ, കാര്‍ഷിക ജീവിതത്തിന്റെ, അതിജീവനത്തിന്റെ, പ്രതിഷേധത്തിന്റെ, സാമൂഹ്യ ബോധത്തിന്റെ, മതസൗഹാര്‍ദ്ദത്തിന്റെ… അങ്ങനെയങ്ങനെ ഒളിഞ്ഞും തെളിഞ്ഞും പലതിന്റെയും കേന്ദ്ര ബിന്ദുവാണ്.
ഒരു ജനതയുടെ നാനാതരത്തിലുള്ള ക്ഷേമത്തിനും പരിപാലനത്തിനും സൗഹാര്‍ദ്ദത്തിനുമായി നിലകൊള്ളുന്ന ശക്തിയെ വിശ്വാസികള്‍ ദൈവം എന്ന് വാഴ്ത്തുന്നു. ദൈവം എന്ന പദത്തില്‍ നിന്ന് പിറവികൊണ്ട ‘തെയ്യം’ സങ്കല്‍പ്പത്തേക്കാള്‍ വളര്‍ന്ന യാഥാര്‍ത്ഥ്യം തന്നെ.
ഉള്ളു തുറന്ന് സങ്കടങ്ങള്‍ പറയുമ്പോള്‍ ഭക്തന്റെ കണ്ണീര് തുടക്കുന്ന തെയ്യക്കാരന്‍ ഭക്തിമാര്‍ഗ്ഗത്തില്‍ പരിഹാരങ്ങള്‍ പറയുമ്പോഴും കോലത്തിനകത്തെ മനുഷ്യ ജീവന്‍ നിസ്സഹായന്‍ തന്നെയാണ്. എന്നിരിക്കിലും ഒരു സൈക്കോളജിക്കല്‍ തന്ത്രം തെയ്യക്കാരന്‍ പയറ്റും. എല്ലാം ശരിയാകുമെന്ന ശുഭാപ്തി വിശ്വാസത്തിലേക്ക് ജനങ്ങളെ കൊണ്ടുചെന്നെത്തിക്കാന്‍ നേര്‍ച്ചകളെയും മറ്റും അവര്‍ കൂട്ടു പിടിക്കുന്നു. അതാണ് ഒരു തെയ്യക്കാരന്റെ യഥാര്‍ത്ഥ ധര്‍മ്മം.
THEYYAM എന്നതിനുള്ള ചിത്രം

തെയ്യക്കഥകളെ വിവരിക്കുന്ന ഈണത്തിലുള്ള സാഹിത്യമാണ് തോറ്റം പാട്ടുകള്‍. തോറ്റത്തില്‍ ആദ്യാന്തം വരേയ്ക്കും തെയ്യം തന്റെ കഥ പറയുകയാണ്. ഞാന്‍, എനിക്ക്, എന്റെ… ഇങ്ങനെ നീളുന്ന തോറ്റം കേട്ട് കേട്ട് ഇടയ്‌ക്കെപ്പോഴോ തെയ്യക്കാരന്‍ തെയ്യമായി മാറുന്നു… പിന്നെ അവനില്‍ നിന്നും പുറപ്പെടുന്ന വാക്കുകളത്രയും തെയ്യത്തിന്റെ അരുളപ്പാടുകളാണ് എന്ന് വിശ്വാസികള്‍.

ഓരോ വര്‍ഷവും കാത്തിരുന്നെത്തുന്ന മൂന്ന് മാസങ്ങളാണ് തെയ്യാട്ടക്കാലം. കളിയാട്ടങ്ങളും പെരുങ്കളിയാട്ടങ്ങളുമായി തെയ്യക്കാരന്‍മാര്‍ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക്… ഇതുപറയുമ്പോഴും, തെയ്യക്കാലവും, അല്ലാത്ത മാസങ്ങളും ജീവിതം എങ്ങനെയെന്ന് തെയ്യക്കാരന്‍ തന്നെ പറയട്ടെ… നാടും സമൂഹവും തങ്ങളെ നോക്കിക്കാണുന്ന വിധവും, തെയ്യാട്ട ജീവിതവും അവര്‍ പറയട്ടെ, കണ്ണൂര്‍ പഴയങ്ങാടിക്കടുത്ത ഒരു ചെറിയ ഗ്രാമത്തില്‍ തെയ്യം അനുഷ്ഠാന പഠന കേന്ദ്രത്തില്‍ കുറച്ച് തെയ്യക്കാരുടെ യോഗം നടക്കുന്നു…

പതിമൂന്ന് തവണ ഒറ്റക്കോലം കെട്ടി റിക്കോര്‍ഡിട്ട കുഞ്ഞിരാമപ്പെരുവണ്ണാന്‍ പറഞ്ഞുതുടങ്ങി… “എനിക്കിപ്പം വയസ് 67. തെയ്യം കെട്ടലില്ല… സാഹസം നിറഞ്ഞ തെയ്യങ്ങളാണ് ആദ്യ കാലങ്ങളില്‍ കെട്ടിയവയില്‍ അധികവും. പിന്നീട് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ആയാസം കുറഞ്ഞ കോലങ്ങള്‍ കെട്ടിത്തുടങ്ങി. ഇപ്പോ ഒന്നും ചെയ്യാന്‍ കയ്യ. ഞാന്‍ ബല്യ ഒര് സങ്കടത്തിലാന്ന് ഉള്ളത്… ഇപ്പഴത്തെ ഫേസ്ബുക്കിലെല്ലാം എന്റെ ഫോട്ടം കാണുന്ന്‌ണ്ടോലും.. പരിച്യക്കാരെല്ലം വിളിച്ച് ചോയിക്ക്ന്ന്… ഞാല് കൊറച്ചാള് ഡല്‍ഹീല് പൈത്യകോല്‍സവത്തിന് പോയിനേനും… തെയ്യത്തിന്റെ കോലത്തില്‍ ആ വേദിയില്‍ പോയതിന് എന്ന തെറി പറഞ്ഞോണ്ടേനും പോലും അയിലെ എഴ്ത്ത്… തെയ്യം കലാകാരന്മാരുടെ മൂത്ത ഉപ്പാപ്പന്നും, എന്റെ കുറ്റപ്പേരും എല്ലം ചേര്‍ത്തിറ്റാന്ന് അവരെ കളിയാക്കല്.. കുഞ്ഞ്യളായിരിക്കുംന്ന് വിജാരിക്കാ… എന്നാലോ.. മാതൃഭൂമി പത്രത്തിലും ഇത് വാര്‍ത്തയായി. എന്നരം വെല്ലാത്ത സങ്കടം തോന്നീന്.
മൂന്നും നാലും ദിവസത്തെ കളിയാട്ടം കയിഞ്ഞാല് ഒര് പത്തായിരം ഉര്‍പ്യ മുറിയാണ്ട് കിട്ടാന്‍ പണിയാന്ന്… ഒരു തെയ്യം സീസണില് അഞ്ചോ, ആറോ തെയ്യം കെട്ടാനാകും… ബാക്കിയുള്ള മാസം തേച്ചും ഈനക്കൊണ്ടാന്ന് ജീവിക്കണ്ടത്. കുഞ്ഞ്യളെയെല്ലം പട്ടിണിയാക്കാന്‍ കയ്യോ?… മാസാമാസം ഒരി 15000 ഉര്‍പ്യ തെയ്യത്തിന്റെ വകയില് കിട്ടിയാ.. നമ്മളേട്യും തെയ്യം കെട്ടാന്‍ പോകൂലാ… കാവ് വിട്ട് എങ്ങും പോകില്ല. ഇതിപ്പൊ, സര്‍ക്കാര്‍ വിളിക്കുമ്പം ഞാള്‍ക്ക് പോകാണ്ട് കയ്യൂലാ… ഫോക്ലോര്‍ അക്കാദമീന്ന് കൊറച്ച് സഹായെല്ലം കിട്ടലിണ്ട്. അങ്ങനെ പോയത്…”
“കളിയാട്ടത്തിന്റെ സമയത്ത് തെയ്യത്തിനെ വീഡിയോ പകര്‍ത്താനും ഫോട്ടോ എടുക്കാനുമെല്ലാം പൈശ വേണിക്കിന്നവരല്ലേ ശരിക്കും ദൈവത്തിന വിക്ക്ന്നത്… വല്യ ഫ്‌ളക്‌സും ബോര്‍ഡും കെട്ട്ന്നതൊന്നും കച്ചോടല്ലാ?…. തെയ്യം തീരുന്നതിന് മുന്നേ.. നാടകം കളിക്കാന്‍ വേണ്ടി എത്രസ്ഥലങ്ങളില്‍ കമ്മറ്റിക്കാര്‍ പറഞ്ഞത് അനുസരിച്ച് തോറ്റം പാടുന്ന സമയം കുറച്ചിറ്റ്ണ്ട്… സമയാകുന്നതിന് മുന്‍പ് ഉറയാന്‍ പറഞ്ഞ സാഹചര്യങ്ങളും കൊറേ ഇണ്ടായിന്… ജവഹര്‍ലാല്‍ നെഹ്രുന്റെ കാലത്ത് തെയ്യം സ്‌റ്റേജിലെത്തീന് എന്നെരാന്ന് ഈ കാലത്തും തെയ്യക്കാരോട് ഇങ്ങനെ കാണ്ന്നത്…”, യോഗത്തിനെത്തിയ മറ്റൊരു തെയ്യക്കാരന്‍ പറയുന്നു.
THEYYAM എന്നതിനുള്ള ചിത്രം

ഞാന്‍ ബാലകൃഷ്ണന്‍, കൊല്ലം കൊറേയായി തെയ്യം കെട്ട്ന്ന്… ഞാന്‍ തെയ്യം കെട്ടിവര്ന്ന ഒര് കാവിലെനി ഞാന്‍ വേണ്ടാന്ന് അവര് തീരുമിനിച്ച്റ്റ്ണ്ട്. കാവ് മാത്രേ… ഓറതുള്ളൂ… തെയ്യം അന്റ്യാന്ന്.. എനിക്ക് തെയ്യം കെട്ടാന്‍ കാവില്ലെങ്കിപ്പിന്ന ഞാന്‍ റോഡ്മ്മല് തെയ്യം കെട്ടും. പൈതൃകോത്സവത്തിന് പോയ തെയ്യക്കാറെല്ലാം തെയ്യം കെട്ട്ന്ന കാവുകളില് തെയ്യം സംരക്ഷണ സമിതീന്റെ നോട്ടീസ് ചെന്നിറ്റിണ്ട് എന്നാന്ന് കേട്ടത്. തെയ്യത്തിനെ സ്‌റ്റേജില് കയറ്റിയ ഇവരെ വിലക്കണം എന്നതാണ് അവരെ ആവശ്യം. ഇതെല്ലാന്ന് നമ്മളെ കഥ.
നാല്‍പത് വയസിന് ശേഷം രോഗികളാകാത്ത തെയ്യക്കാരില്ല. ഊണും, ഉറക്കവും, മലമൂത്ര വിസര്‍ജനവും ഇല്ലാതെ ഒന്നും, രണ്ടും ദിവസത്തിനടുത്ത് എടുത്താല്‍ പൊങ്ങാത്ത ഭാരവും, ദേഹം മുഴുവന്‍ മുറുക്കിക്കെട്ടി കയറുകളുമായി നില്‍ക്കുന്ന ഈ മനുഷ്യന്‍മാര്‍ രോഗികളായില്ലെങ്കിലേ അത്ഭുതമുള്ളൂ. തെയ്യം കെട്ടുന്നതിനിടെ തെങ്ങിന്‍ മുകളില്‍ നിന്ന് വീണ തെയ്യക്കാരന് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ സാമ്പത്തിക സഹായം കുറച്ച് കിട്ടിയിട്ടുണ്ട്. ആ സംഭവത്തിന് മുന്‍പും പിന്‍പും രോഗാവസ്ഥയിലായിട്ടുണ്ട്… എല്ലാവര്‍ക്കും ഒരേ പരിഗണന ലഭിക്കുന്നുണ്ടോ? തെയ്യം കെട്ടി തികഞ്ഞ കലാകാരനെന്ന് പേരെടുത്ത എത്ര പേര്‍ അവസാനകാലത്ത് അനാഥരായിട്ടുണ്ടെന്ന് ആര്‍ക്കെങ്കിലും വല്ല പിടിയുമുണ്ടോ?… മരിച്ച് പോയിട്ട് അടക്കം ചെയ്യാന്‍ ഒരു പിടി മണ്ണുപോലുമില്ലാത്തവര്‍… നാല് കൊല്ലം മുന്‍പ് മരിച്ച ഒര് തെയ്യക്കാരന്റെ ശരീരം കൊണ്ടോവാന്‍ സ്ട്രക്ച്ചറില്ലാഞ്ഞിട്ട് തെയ്യത്തിന്റെ രണ്ട് തിരുമുടി കൂട്ടിക്കട്ടി, അതില്‍ കിടത്തിയാണ് ശരീരം മറവ് ചെയ്യാന്‍ കൊണ്ട്‌പോയത്…”
നാടിന് വേണ്ടി ചോര വറ്റിച്ച് തീര്‍ത്തിട്ടും, ജാതിയും സമ്പത്തും സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തിയ സമൂഹമാണ് തെയ്യക്കാരുടേത്… കിട്ടേണ്ട കൂലി ചോദിച്ചു വാങ്ങുന്നത് അവകാശമാണെന്ന് പോലും മറന്ന് വിധേയപ്പെടലില്‍ നിന്ന് ഇനിയും മുക്തിനേടിയിട്ടില്ലാത്ത ഒരു സമൂഹം ഇവര്‍ക്കിടയിലിന്നുമുണ്ട്. അവര്‍ തെയ്യം കാവില്‍ ഒതുങ്ങേണ്ടതാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് ചെറുത്തു നില്‍പ്പിനായി തെയ്യത്തെ സ്റ്റേജില്‍ കയറ്റിയ കലാകാരന്‍മാര്‍ പറയുന്നു.

തെയ്യക്കാര്‍ക്കൊപ്പം എന്നും നിന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പല മേഖലകളിലും നിന്ന് അകന്നുപോയതാണ് കാവുകള്‍ തീണ്ടിയതിന് ഏറ്റവും വലിയ കാരണമെന്നും, അല്ലായിരുന്നുവെങ്കില്‍ പുലയന്‍ അവന്റെ ആരാധനയ്ക്കായി നാട്ടിയ കല്ലില്‍ പോലും പുന:പ്രതിഷ്ഠയുടെ പേരില്‍ ബ്രാഹ്മണര്‍ ഇടിച്ചു കയറില്ലായിരുന്നുവെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്. അംഗസംഖ്യ അത്ര വലുതൊന്നുമില്ലാത്ത വിവിധ കുലങ്ങളില്‍ പെട്ട തെയ്യം കലാകാരന്‍മാരെ സംഘടിപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ മുതിരാത്തതിന്റെ പ്രധാന കാരണം കാവുകളുടെ ഉടമകള്‍ തെയ്യക്കാരേക്കാള്‍ വരുന്ന മഹാഭൂരിപക്ഷമായതിനാലാണ്. കാവുകാരെ ചൊടിപ്പിച്ചാല്‍ അത് അവരുടെ നിലനില്‍പിനെ തന്നെ ബാധിക്കും, തെയ്യക്കാര്‍ പറയുന്നു. ദശാവതാരത്തിലെ ഒരു ദൈവത്തിന്റെ പേരിലും തെയ്യങ്ങളില്ല. എന്നാല്‍ ഇന്ന് അണ്ടല്ലൂര്‍ കാവില്‍ ശ്രീരാമനാണത്രേ മുഖ്യ പ്രതിഷ്ഠ. മുച്ചിലോട്ട് ഭഗവതി സീതയാണെന്ന വാദം വരുന്നു.
വിപ്ലവം പിറന്ന മണ്ണില്‍ നിന്ന് പതുക്കെ കച്ചവട താല്‍പര്യങ്ങളിലേക്ക് ജനതയുടെ മനസ്സ് മാറിമറിഞ്ഞപ്പോള്‍ വന്ന തലമുറകള്‍ അരാഷ്ട്രീയവാദികളും മറ്റ് പല രാഷ്ട്രീയങ്ങളിലേക്കും പ്രത്യയശാസ്ത്രങ്ങളിലേക്കും തിരിഞ്ഞപ്പോള്‍ കീഴാളന്റെ കാവുകള്‍ക്ക് മതിലുകളും, മതിലിനകത്ത് പ്രതിഷ്ഠകളുമുണ്ടാകുന്നു. ജനകീയ ദൈവങ്ങള്‍ പതുക്കെ വഴിമാറി സഞ്ചരിച്ചു തുടങ്ങുന്നു.

കോലമഴിച്ചാല്‍ മലയനും പുലയനുമാകുന്ന വയറെരിയുന്ന ദൈവങ്ങള്‍; ബ്രാഹ്മണ്യ ദാസ്യത്തിന്റെ കേരള മാതൃകകള്‍

അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്‌

രണ്ട് മണിക്കൂര്‍ ചിലവഴിക്കുന്ന ബ്രാഹ്മണന് ലക്ഷങ്ങള്‍ പ്രതിഫലം, രണ്ടോ അതിലധികമോ ദിവസം മുഴുവന്‍ കോട്ടത്തില്‍ കഴിച്ചുകൂട്ടുന്ന തെയ്യക്കാരന് അതിന്റെ പത്തിലൊന്നു പോലുമില്ലാത്ത തുക പ്രതിഫലം.


സവര്‍ണ മേധാവിത്തത്തിനും തൊട്ടുകൂടായ്മയ്ക്കും എതിരെയുള്ള അവര്‍ണന്റെ പ്രതിഷേധം നിറഞ്ഞു നിന്ന കാവുകള്‍, മിത്തെന്നും തിര്യക്കെന്നും (പരേതാത്മാക്കള്‍) വിളിക്കുന്ന ജീവിത കഥകളുടെ പുനരവതരണം…
“കാവുകളിലും കോട്ടങ്ങളിലും തെയ്യാട്ടത്തിന് മുന്‍പേ പുന:പ്രതിഷ്ഠയും ശുദ്ധികലശവും നടക്കുന്നു. നാരായണീയ പാരായണവും സപ്താഹ യഞ്ജവും നടത്തുന്നു. ഇതിനായി രണ്ട് മണിക്കൂര്‍ ചിലവഴിക്കുന്ന ബ്രാഹ്മണന് ലക്ഷങ്ങള്‍ പ്രതിഫലം, രണ്ടോ അതിലധികമോ ദിവസം മുഴുവന്‍ കോട്ടത്തില്‍ കഴിച്ചുകൂട്ടുന്ന തെയ്യക്കാരന് അതിന്റെ പത്തിലൊന്നു പോലുമില്ലാത്ത തുക പ്രതിഫലം. ബ്രാഹ്മണനെ എഴുന്നള്ളിക്കാന്‍ ജനങ്ങള്‍ ഘോഷയാത്രകള്‍ നടത്തുമ്പോഴും തെയ്യം കെട്ടുന്ന മലയനും പുലയനും കോട്ടത്തിന്റെ ഏതെങ്കിലും മൂലയില്‍ ചുരുണ്ടിരിപ്പായിരിക്കും”, തെയ്യം വിഷയത്തില്‍ റിസര്‍ച്ച് സ്‌കോളറും തെയ്യക്കാരനുമായ സി.വി അനില്‍കുമാര്‍ പറയുന്നു.
വ്രത പരിശുദ്ധിയോടെ തെയ്യാട്ടത്തിനെത്തുന്ന തെയ്യക്കാരനോടുള്ള വിവേചനം ഇവിടെ തീരുന്നില്ല, ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍ സാധ്യമല്ലാത്ത തെയ്യക്കാരന് തറവാട്ടുകാര്‍ നല്‍കുന്നത് അവലോ, ഉപ്പുമാവോ ആയിരിക്കും. ഒരു ദിവസം മുഴുവനോ, അതില്‍ കൂടുതലോ നീണ്ടു നില്‍ക്കുന്ന തെയ്യാട്ടത്തിനിടയില്‍ കോലക്കാര്‍ക്ക് മറ്റൊരു സമയമില്ല, ആഹാരം കഴിക്കാന്‍… വയറ് കത്തുമ്പോഴും തറവാട്ടുകാര്‍ക്കും ഭക്തര്‍ക്കും വേണ്ടി കോലത്തിനകത്തെ മനുഷ്യന്‍ ആട്ടം തുടരും. സങ്കടങ്ങളും ആവലാതികളുമായി നീണ്ട നിരയായി ഭക്തജനങ്ങള്‍ വരി നില്‍ക്കുമ്പോള്‍ തെയ്യം വയറ് കരിഞ്ഞ് നില്‍ക്കുകയാകുമെന്ന് ആരറിയുന്നു. തെയ്യാട്ടത്തിന് ശേഷം തറവാട്ടുകാര്‍ കൊടുക്കുന്ന കോളിലാകും നാട്ടുകാരുടെ നോട്ടം. നല്ല കോള് കിട്ടിക്കാണുമെന്ന് മുറുമുറുക്കുന്നവരും വിരളമല്ല…


കോലത്തിനുള്ളിലെ മനുഷ്യജീവനെ പരിഗണിക്കുന്ന കാര്യത്തില്‍, അവന്റെ വേദനകള്‍ തിരിച്ചറിയുന്ന കാര്യത്തില്‍ മലബാര്‍ ഇന്നും വളരെ പിന്നില്‍ തന്നെയാണ്. കോലമണിഞ്ഞ് തിരുമുടിയുമായി നില്‍ക്കുന്ന തെയ്യത്തെ, ദൈവത്തെ ഭയഭക്തി ബഹുമാനപൂര്‍വ്വം നോക്കുമ്പോഴും, തെയ്യക്കാരനെ ഇന്നും ജാതീയമായ കണ്ണുകളോടെ നോക്കുന്നവരാണ് അധികവും. നൂറ്റിയൊന്ന് പ്രാവശ്യം അഗ്നിപ്രവേശം ചെയ്യേണ്ടുന്ന ഒറ്റക്കോലം കെട്ടുന്ന തെയ്യക്കാരന് ഒരു തെയ്യാട്ടത്തിന് ശേഷം അനുഭവിക്കുന്ന യാതനകള്‍ തിരിച്ചറിയാന്‍ പാകത്തിന് ഈ സമൂഹം വളര്‍ന്നിട്ടില്ല.
നെഞ്ച് അടിച്ചാണ് ഒറ്റക്കോലം കെട്ടിയ മനുഷ്യന്‍ അഗ്നിപ്രവേശം ചെയ്യുന്നത്. അരഭാഗത്തിന്റെ ഇരുവശത്തും നീട്ടിയ ചരടില്‍ നിന്നും രണ്ട് പേര്‍ ഓരോ തവണയും ആഞ്ഞ് വലിക്കും. തെയ്യാട്ടം കഴിഞ്ഞ് മാസങ്ങളോളം മലമൂത്ര വിസര്‍ജ്ജനം പോലും വളരെ കഷ്ടമാണെന്നും ശരീരം പുറംതള്ളുന്ന മാലിന്യങ്ങള്‍ക്കെല്ലാം വെണ്ണീറിന്റെ (കരി) കട്ടിക്കറുപ്പാണെന്നും തെയ്യക്കാരന്‍മാര്‍ പറയുന്നു.

രാജവാഴ്ചയുടെ കാലത്ത് നല്‍കിപ്പോന്ന 21 പണം (21 പണം = ഇരുപത്തൊന്ന് ഇരുപത് പൈസ) എന്ന രീതിയായിരുന്നു എണ്‍പതുകളിലെ തെയ്യക്കാരന്റെ കൂലി. പിന്നീട് വരുന്ന ഓരോ തെയ്യക്കോലത്തിനും ഇരുപത്തൊന്ന് രൂപ എന്ന നിരക്കായി. അടുത്ത കൊല്ലം 25, പിന്നെ 30 അങ്ങനെ കോള് കൂട്ടാം എന്നായി പിന്നീട്. മൂന്നും നാലും ദിവസം തന്റെ ചോര കത്തിച്ച് കോലം കെട്ടുന്ന തെയ്യക്കാരന് ലഭിച്ചിരുന്ന പ്രതിഫലം ആ കാലത്ത് മറ്റ് തൊഴിലുകള്‍ക്ക് ലഭിച്ചിരുന്നതിനേക്കാള്‍ വളരെ കുറഞ്ഞതായിരുന്നു.

കണ്ണൂര്‍ എഴോം പ്രദേശത്ത് ഒരു പുലയന്റെ കുടിയില്‍ (വീട്ടില്‍) വെള്ളാട്ടം (മുത്തപ്പന്‍ തെയ്യം) കെട്ടിയതിന് മണക്കാടന്‍ രാമ പെരുവണ്ണാനെയും, പുലയനേയും ഊരുവിലക്കി. അന്ന് കെ.വി.ആര്‍ ഏഴോം എന്നയാളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ശാസ്ത്ര എന്ന സോഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വൈ.വി കണ്ണന്‍ മാസ്റ്റര്‍, ദാമോദരന്‍ മാസ്റ്റര്‍, വി.ആര്‍.വി എഴോം എന്നിവരുടെ നേതൃത്വത്തില്‍ മലബാര്‍ ഏരിയ തെയ്യം ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (മാത) 1990കളില്‍ രൂപം കൊണ്ടു. കൃഷ്ണന്‍ അഞ്ഞൂറ്റാന്‍ പ്രസിഡന്റും, കെ.പി.സി പണിക്കര്‍ സെക്രട്ടറിയായും മാതയെ നയിച്ചു.
“നാല് കൊല്ലം മാത്രം ആയുസ്സുണ്ടായിരുന്ന സംഘടനയ്ക്ക് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലാകെ വേരോട്ടമുണ്ടായി. തെയ്യക്കാര്‍ക്കിടയിലുള്ള ജാതീയമായ പിണക്കങ്ങളും തര്‍ക്കങ്ങളും പരിഹരിക്കുന്ന ഇടം എന്നതിനപ്പുറം തെയ്യക്കാരെ മുഴുവന്‍ ബാധിച്ച ദാരിദ്രവും ജാതീയമായ ഉപദ്രവങ്ങളും ശ്രദ്ധിക്കാന്‍ കഴിയാതെ പോയതും സംഘടന ഇല്ലാതാക്കി. മാതയ്‌ക്കെതിരെ അന്ന് പിത എന്ന പേരില്‍ മറ്റൊരു സംഘടന രൂപം കൊണ്ടുവെങ്കിലും ഒറ്റ യോഗത്തോടെ അത് അവസാനിക്കുകയായിരുന്നു”, മാതയുടെ സ്ഥാപക നേതാക്കളിലൊരാളായ വൈ.വി കണ്ണന്‍ മാസ്റ്റര്‍ പറയുന്നു.

പിന്നീട് സമുദായ സംഘടനകളല്ലാതെ തെയ്യക്കാര്‍ക്കായി ഒരു സംഘടനയും രൂപം കൊണ്ടില്ല. ജാതീയ, സാമ്പത്തിക, ആരോഗ്യ ചൂഷണങ്ങളില്‍ക്കിടന്ന് നട്ടം തിരിയുന്ന വളരെ ചെറിയ ഒരു വിഭാഗത്തിനെ സംഘം ചേര്‍ക്കാന്‍ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ക്കും വലിയ താല്‍പര്യമൊന്നുമില്ല എന്നതാണ് വാസ്തവം.


Friday 23 December 2016



അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്‌


മരണം വലിയ ചിറകുവിടര്‍ത്തിയെത്തി; എന്‍ഡോസള്‍ഫാന്‍ ഇരകളായ അഭിലാഷും രമേഷും ഒപ്പം യാത്രപോയി 

 ഡോ. ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍ എന്ന സിനിമയില്‍ കാണിച്ചിട്ടുള്ള അഭിലാഷ്, എന്‍ഡോസള്‍ഫാന്‍ മറ്റൊരു ഇരയും രോഗബാധിതനായിട്ടും സര്‍ക്കാര്‍ ലിസ്റ്റില്‍ പോലും ഉള്‍പ്പെടാതെ പോയ രമേഷും മരണത്തിനു കീഴടങ്ങിയിരിക്കുന്നു. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തവാര്‍ത്തകള്‍ കെട്ടുകഥകളാണെന്നു പരിഹസിക്കുന്നവര്‍ക്കും, അവസാനിക്കാത്ത ജീവിതദുരിതം പേറുന്നവരുടെ നീതിക്കായുള്ള നീണ്ട സമരങ്ങളോട് കണ്ണടയ്ക്കുന്ന ഭരണാധികാരികള്‍ക്കും ഈ കുട്ടികളുടെ മതാപിതാക്കളോട് എന്ത് മറുപടിയായാണ് പറയാനുള്ളത്?

 

 

ഇവിടെയൊരു അഭിലാഷും രമേഷും മരിച്ചു. രണ്ടുമരണങ്ങളും അപകടമോ സ്വാഭാവിക മരണങ്ങളോ അല്ല.  അവരെ കൊന്നുകളഞ്ഞതാണ്! ഓടിച്ചാടി നടക്കേണ്ട ആ കൗമാരങ്ങള്‍ക്ക് മേല്‍ വിഷമഴ ചൊരിഞ്ഞ് നമ്മുടെ ഭരണകൂടം തന്നെ കരിച്ചുകളഞ്ഞതാണ് ആ ജീവിതങ്ങളെ.
അതി വിചിത്രമെന്നും, ദാരുണമെന്നും പറഞ്ഞു കണ്ണു തള്ളിപ്പിടിച്ച് പലരും കാസര്‍കോടിന് വണ്ടി കയറി തുടങ്ങിയത് പത്ര മാധ്യമങ്ങളില്‍ അമ്പരപ്പിക്കുകയും കണ്ണ് നിറയിപ്പിക്കുകയും ചെയ്യുന്ന ഇത്തരം കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ വന്നു തുടങ്ങിയതോടെയായിരുന്നു. വന്നവര്‍ വന്നവര്‍ അടുത്ത വണ്ടി പിടിച്ച് മടങ്ങുമ്പോഴും, എന്‍മകജെയിലും വാണി നഗറിലും, ബോവിക്കാനത്തും കര്‍മ്മംതൊടിയിലുമെല്ലാം പെറ്റമ്മമാര്‍ ഉറങ്ങാതെ മക്കളുടെ ഞരക്കങ്ങള്‍ക്ക് കാതോര്‍ത്തു.
മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകളുടെ അനാസ്ഥയില്‍ ഇവിടെ ഓരോരുത്തരായി മരിച്ചുകൊണ്ടിരിക്കുന്നു.  ഓരോ ദിവസവും തല വളരുന്ന അപൂര്‍വ്വ രോഗബാധിതനായ അഭിലാഷ് നാടിനെ കരയിപ്പിച്ച് ഇന്നലെ മരണത്തിന് കീഴടങ്ങി. ഇനിയൊരു കുഞ്ഞുകൂടിപ്പിറന്നാല്‍ ഒരു പക്ഷേ അതിന് വൈകല്യങ്ങളില്ലാതെ വരികയാണെങ്കില്‍ അഭിലാഷിനോടുള്ള സ്‌നേഹം കുറഞ്ഞുപോകുമോ എന്ന ഭയത്തില്‍ മറ്റൊരു കുഞ്ഞിന് ജന്‍മം നല്‍കാന്‍ മടിച്ച ആ അച്ഛനമ്മമാരുടെ കണ്ണീരിന്റെ ഉത്തരം എവിടെയാണ്? ബാലസുബ്രമണ്യ ഭട്ടും ശ്രീവിദ്യയും കണ്ണിലെ കൃഷ്ണമണിപോലെ അവനെ പരിചരിച്ചു. കിടന്ന കിടപ്പില്‍ തലയൊന്നനക്കാനാകാതെ കൃഷ്ണമണിയുടെ ചെറിയ ചലനങ്ങളും, വളരെ നേര്‍ത്ത കൈകള്‍ വല്ലപ്പോഴും അനങ്ങുന്നതും നിഷ്‌കളങ്കമായ ആ മുഖത്ത് ഒരു ചിരി വിടരുന്നതും നോക്കി ബാലസുബ്രമണ്യ ഭട്ടും ശ്രീവിദ്യയും അഭിലാഷിനെ മാറോടണക്കിപ്പിടിച്ചു.  ഒരു പത്രക്കാര്‍ക്കും തന്റെ മകന്റെ വിഷമതകള്‍ പകര്‍ത്താന്‍ അനുവാദം നല്‍കാത്ത ആ അച്ഛന്‍ ഒടുക്കം ഒരു സിനിമയില്‍ മകനെ കാണിക്കാന്‍ അനുവദിച്ചു.  ‘വലിയ ചിറകുള്ള പക്ഷികള്‍’ എന്ന സിനിമയില്‍ അഭിലാഷിനെ കാണിച്ച അനുഭവം സംവിധായകന്‍ ഡോ. ബിജു വിവരിക്കുന്നത് ഇങ്ങനെ;
‘സിനിമയുടെ ചിത്രീകരണത്തിന് മുന്‍പാണ് അഭിലാഷിനെ പറ്റി ഞങ്ങള്‍ അറിയുന്നത്. എന്‍ഡോ സള്‍ഫാന്‍ വിഷയത്തില്‍ സജീവ ഇടപെടലുകള്‍ നടത്തുന്ന സുഹൃത്തും ആരോഗ്യ പ്രവര്‍ത്തകനും ഒട്ടേറെ സിനിമകളുടെ തിരക്കഥാകൃത്തും കൂടിയായ നിസാം റാവുത്തറും ആ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകന്റെ ചുമതലയുള്ള പ്രിയദര്‍ശനും ഒപ്പമാണ് ഞാന്‍ അഭിലാഷിനെ കാണാന്‍ ആദ്യമായി എത്തുന്നത്. അഭിലാഷിനെ സിനിമയിലെ ഒരു ദൃശ്യം ചിത്രീകരിക്കുന്നതിനായി അനുമതി ചോദിച്ചപ്പോള്‍ അഭിലാഷിന്റെ അച്ഛന്‍ വിസമ്മതം പ്രകടിപ്പിച്ചു. അവന്റെ ഫോട്ടോ എടുക്കാന്‍ ഒട്ടേറെ പേര്‍ വന്നിരുന്നു, പക്ഷെ ഞങ്ങള്‍ ആരെയും അനുവദിച്ചില്ല. അവനെ ഒരു പ്രദര്‍ശന വസ്തുവാക്കാന്‍ ഞങ്ങള്‍ക്ക് വയ്യ. അഭിലാഷിന്റെ അച്ഛന്‍ ഞങ്ങളോട് പറഞ്ഞു. അവരുടെ നിലപാട് തീര്‍ത്തും ശരിയാണ്, അത് മാനിക്കപ്പെടേണ്ടതുമാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളെ ഒരാളെപ്പോലും അവരുടെ മാതാപിതാക്കളുടെ പൂര്‍ണ അനുമതി ഇല്ലാതെ സിനിമയ്ക്കായി ചിത്രീകരിക്കില്ല എന്ന ധാര്‍മികമായ ഒരു നിലപാട് ഞങ്ങള്‍ നേരത്തെ തന്നെ കൈക്കൊണ്ടിരുന്നു. യാത്ര പറയുമ്പോള്‍ ഞാന്‍ അവരോട് ഒന്ന് മാത്രം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളെ സിനിമയ്ക്ക് ചിത്രീകരിക്കുന്നത് ഞങ്ങള്‍ക്കും ഇഷ്ടമുണ്ടായിട്ടല്ല. പക്ഷെ ഈ ദുരന്തം ഇനി ഒരു കുട്ടിക്കും ഈ ഭൂമുഖത്ത് ഉണ്ടാകരുത് എന്ന് ഓര്‍മപ്പെടുത്താനാണ് ഈ സിനിമ. അതിന് ഈ കുഞ്ഞുങ്ങളില്‍ ചിലരുടെയെങ്കിലും മുഖം ഞങ്ങള്‍ക്ക് കാട്ടേണ്ടതുണ്ട്. അതുകൊണ്ട് മാത്രമാണ് അനുമതി ചോദിച്ചത് ക്ഷമിക്കണം. അല്‍പദൂരം എത്തിയപ്പോഴേക്കും സുബ്രമണ്യ ഭട്ട് പിന്നില്‍ നിന്നും വിളിച്ചു. അദ്ദേഹം പറഞ്ഞു. നിങ്ങള്‍ പറഞ്ഞതാണ് ശരി. അവനെപ്പോലെ ഇനി ഒരു കുഞ്ഞിനും ഈ ഗതി ഉണ്ടാകരുത്. ഈ വിഷ ദുരന്തം ലോകത്ത് ഒരു കുഞ്ഞിനും ഇത്തരമൊരു ദുരന്തം നല്‍കരുത്. ഇത് ലോകത്തോട് പറയേണ്ടത് ഇവരുടെ മുഖങ്ങളിലൂടെ തന്നെയാണ്… നിങ്ങള്‍ ഇവന്റെ മുഖവും സിനിമയ്ക്കായി പകര്‍ത്തിക്കൊള്ളു’.


എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ലിസ്റ്റില്‍ പോലും പേര്‍ ചേര്‍ക്കപ്പെടാതെ മരണത്തിന് കീഴ്‌പ്പെട്ടവനാണ് രമേഷ്.  ശരീരം ശോഷിച്ച് ശോഷിച്ച് പത്തൊന്‍പത് വര്‍ഷം അവനും ജീവിച്ചു, പത്താംതരം വരെ വിദ്യ അഭ്യസിച്ചു.  കാറടുക്ക, കനകത്തൊടിയിലെ ശങ്കരയെന്ന എസ്.സി വിഭാഗത്തില്‍പെട്ട അവന്റെ അച്ഛനും, അമ്മ കമലയും കുടുംബഭാരത്തിനൊപ്പം ചികിത്സാചിലവും താങ്ങാനാകാതെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കപ്പെടുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നു. സഹിക്കാനാകാത്ത വേദനയില്‍ നിലവിളിക്കുന്ന അവനോട് മരണം നീതി കാണിച്ചപ്പോഴും ഭരണകൂടം അവനെ തിരിഞ്ഞ് നോക്കിയതുപോലുമില്ല. നീതിലഭിക്കാതെ പിന്നെയും എത്രയോ പേര്‍… കുമ്പടാണ്ടേയിലെ മാര്‍ട്ടിന്‍, സ്വര്‍ഗയിലെ കുമാരന്‍ മാഷ്, ഗോളിക്കട്ടയിലെ പ്രജിത, കാറടുക്കയിലെ അവിനാശ്, ആത്മഹത്യ ചെയ്ത ബെള്ളൂരിലെ രാജീവി, ആത്മഹത്യ ചെയ്ത ജനുനായിക്ക്… റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും ലിസ്റ്റില്‍ പേര്‍ ചേര്‍ക്കപ്പെടാത്തതുമായ കണക്കില്ലാത്ത മനുഷ്യ ജീവനുകള്‍. ബെള്ളൂര്‍, കാറടുക്ക, എന്‍മകജേ പഞ്ചായത്തുകളെ മരണം കാര്‍മേഘം പോലെ മൂടിക്കഴിഞ്ഞിരിക്കുന്നു. പൊരി വെയിലത്തും ഭരണത്തലവന്‍മാരുടെ കണ്‍മുന്നിലും സമരം വിളിച്ച് തൊണ്ടപൊട്ടി മരിക്കുന്ന ഈ ജീവനുകള്‍ ഇനിയും കണ്ടില്ലെന്ന നടിക്കരുത്.



സെക്രട്ടറിയേറ്റിന് മുന്നില്‍ ഇരകളേയും പിടിച്ച് അമ്മമാര്‍ സമരമിരുന്നപ്പോള്‍ ചേര്‍ത്തു പിടിച്ച് സമാധാനിപ്പിച്ചവര്‍ ഭരണത്തിലിരിക്കുമ്പോള്‍ തന്നെ വീണ്ടും സെക്രട്ടറിയേറ്റ് പടിക്കലേക്കു  നീതിക്കായി സമരം ചെയ്യാന്‍ വരേണ്ട ഗതികേടിലാണ് ഈ സാധു ജനങ്ങള്‍. പലതവണ പറഞ്ഞ് പറഞ്ഞ് തഴമ്പിച്ച ആവശ്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് ജനുവരി 30 അവര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടന്നു വരികയാണ്. അഞ്ച് വര്‍ഷമായി ഇവിടെ നിര്‍ത്തിവെച്ച മെഡിക്കല്‍ക്യാമ്പ്, ഇരകളുടെ പുനരധിവാസ ഗ്രാമം പദ്ധതി, സൗജന്യ ചികിത്സ റേഷന്‍ സഹായങ്ങള്‍, ലിസ്റ്റില്‍ പേര് ചേര്‍ക്കല്‍ തുടങ്ങി നീണ്ടു പോകുന്ന ആവശ്യങ്ങളുടെ മുറവിളികളുമായി…
ഇനിയും ഇരകളെ വെയിലത്തിരുത്തല്ലേ എന്ന് ഉറക്കെ പറഞ്ഞ് കണ്ണുകളടച്ചുകളഞ്ഞവര്‍ ഇനി കണ്ണ് അടക്കരുത്.  തുറന്ന് തന്നെ പിടിക്കുക… കാരണം ഇത് ജീവിതമാണ്. ഭരണകൂടം അടിച്ചേല്‍പ്പിച്ച അതിക്രൂരമായ വിധിയുടെ യഥാര്‍ത്ഥ പരിച്ഛേദം. ഇതാണ് ഇവിടുത്തെ അമ്മമാര്‍ പ്രസവിക്കാന്‍ പേടിക്കുന്നത്. ജനിക്കുന്ന കുഞ്ഞ് എങ്ങനെയിരിക്കുമെന്ന് യാതൊരു പ്രതീക്ഷുമില്ല, ഇനി അതും അംഗവൈകല്യമുള്ള കുഞ്ഞാന്നെങ്കില്‍ എത്രകാലം ആ ഞരക്കം കണ്ട് സഹിക്കണം… ആര്‍ക്കും ഒന്നും പറഞ്ഞ് ആശ്വസിപ്പിക്കാന്‍ വയ്യാത്ത തരത്തില്‍ പേടി ആ ഹൃദയങ്ങളെ വരിഞ്ഞ് മുറുകിയിരിക്കുന്നു.  കാസര്‍കോട് ജില്ലയിലെ വടക്കന്‍ പഞ്ചായത്തുകളുടെ കുന്നിന്‍ മുകളിലും നാട്ടിടവഴികളിലും നിന്നും ആ പേടി ഇന്നും ഈ ജനതയെ വേട്ടയാടുന്നു. വണ്ടുമൂളുന്ന ശബ്ദം കേട്ട് പലരം ഞെട്ടി എഴുന്നേല്‍ക്കുന്നു. ജനിച്ച കുഞ്ഞിന്റെ വൈകല്യത്തെ മരണം വരെ വാത്സല്യം കൊണ്ട് അതിജീവിക്കുന്ന ഈ അമ്മമാര്‍ക്ക് ഇനിയെങ്കിലും നീതിലഭിച്ചേ തീരൂ..

(മാതാപിതാക്കളോടെ സമ്മതത്തോടെ പകര്‍ത്തിയ ചിത്രമാണ് ഈ റിപ്പോര്‍ട്ടിനൊപ്പം അഴിമുഖം നല്‍കിയിരിക്കുന്നത്.)







 

 

Sunday 4 December 2016



അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്‌


ഞാനെന്റെ കുഞ്ഞിനെ കന്നഡേന്നേ പഠിപ്പിക്കൂ... ഗതികെട്ട ഇങ്ങനെയും കുറെ മനുഷ്യര്‍ 'കേരള'ത്തിലുണ്ട്



"ഞാനെന്റെ കുഞ്ഞീനെ കന്നഡേന്നേ പഠിപ്പിക്കൂ..." തുളുനാടന്‍ മണ്ണില്‍ പിച്ചവെച്ച, നാക്കെടുത്തൊന്ന് മിണ്ടാന്‍ തുടങ്ങിയ കാലം മുതല്‍ തുളുവുരിയാടിയ, എഴുത്തിനായി കന്നഡക്കൂട്ട് തേടിയ ഒരച്ഛന്റെ വാക്കാണിത്. മലയാളം അത്രയൊന്നും വഴങ്ങാതെ വരുമ്പോള്‍ ഇംഗ്ലീഷിനെ കൂട്ടുപിടിച്ച് സുന്ദരയെന്ന ആ മനുഷ്യന്‍ സംസാരിച്ചു തുടങ്ങുകയാണ്. തുളു, കന്നഡ, ഉര്‍ദു, ബ്യാരി, കൊങ്കിണി, മറാത്തി, ഹിന്ദി പിന്നെ ഈ പറഞ്ഞ ഭാഷകളെല്ലാം കലര്‍ന്ന മലയാളവും; കാസര്‍കോടന്‍ മലയാളം കൂടാതെ കുഴഞ്ഞുകിടക്കുന്ന കാസര്‍കോടിനെക്കുറിച്ച്. യക്ഷഗാനവും തുളുതെയ്യങ്ങളും കോഴിക്കെട്ടും, കാളയോട്ടവും കുഴഞ്ഞു കിടക്കുന്ന മണ്ണില്‍ ജീവിക്കുന്ന കന്നഡികന്റേയും തുളുനാടന്‍ ജീവിതങ്ങളുടേയും കഥ. തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയപ്പോള്‍ മാത്രം കാസര്‍കോടിന് വണ്ടികയറി, മംഗ്ലീഷ് പോലെ മങ്കന്നടയിലെഴുതി നല്‍കിയ കുറിപ്പുകള്‍ നോക്കി വായിച്ച് തുളുമണ്ണില്‍ കയ്യടി നേടിയ ഓരോ നേതാക്കളും ഈ അച്ഛന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തേ തീരൂ... 
 
അതിരുകള്‍ പ്രകാരം കേരളത്തിലെങ്കിലും ഇന്നും അത് സമ്മതിക്കാന്‍ കുറേക്കൂടി സമയം ആവശ്യമാണ് ചന്ദ്രഗിരിക്ക് വടക്ക് കിടക്കുന്ന ജീവിതങ്ങള്‍ക്ക്. ഒരുതരത്തിലും കേരള സംസ്‌ക്കാരവുമായി ചേര്‍ന്നുപോകാത്ത ജീവിതരീതിയാണിവരുടേത്. ഓണമാഘോഷിക്കാതെ ദീപാവലി കൊണ്ടാടുന്ന, മലബാറിന്റെ തെയ്യത്തെപ്പോലും തുളുവില്‍ പൊതിഞ്ഞ് പ്രാര്‍ത്ഥിക്കുന്നവരുടെ നാട്. പൂമാണി, കിന്നിമാണി, ധൂമാവതി ഇങ്ങനെ പോകുന്നു തുളുനാടന്‍ തെയ്യക്കഥ. ചെണ്ടയും ചിഞ്ചിലവുമടങ്ങുന്ന തെയ്യത്തിന്റെ മേളത്തേക്കാള്‍ ഉഗ്രശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ ഈണത്തില്‍ വായിച്ച് തുളു തെയ്യങ്ങള്‍ നിറഞ്ഞാടും.  ഇവിടെയും കൂടുതലടുപ്പം കര്‍ണ്ണാടകയുമായിത്തന്നെ.
 
കന്നട സിനിമകളില്‍ മാത്രം കണ്ടുശീലിച്ച ആചാരാനുഷ്ഠാനങ്ങളിന്നും ഈ തുളു നാട്ടുകാര്‍ കൈവിടാതെ കൊണ്ടു നടക്കുന്നുണ്ടെങ്കിലും മാതൃഭാഷയിലും ആചാരങ്ങളിലും കലര്‍പ്പുകള്‍ വന്നുചേരുന്നത് അംഗീകരിക്കാനാകാതെ ഉഴറുകയാണ് ഇവിടുത്തുകാര്‍. 2015-ല്‍ മലയാളം ഭാഷ ആക്ട് സര്‍ക്കാര്‍ കൈക്കൊണ്ടപ്പോള്‍ വെട്ടിലായത് ഈ സമൂഹമാണ്. വിദ്യാസമ്പന്നരായ ഒരുകൂട്ടം ആളുകള്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ നിറവേറുന്നതിനായി മലയാളമറിയുന്നവരുടെ സഹായം തേടേണ്ടിവരുന്ന ഗതികേടിനെക്കുറിച്ച്, അത്തരമൊരു ആപ്പില്‍ അകപ്പെട്ടിട്ടില്ലാത്ത ഒരു ജനതോട് പറഞ്ഞ് മടുത്തവരാണീ ജനത. ഈ നിയമപ്രകാരം മലയാളം ഒന്നാംഭാഷയായി പത്താംതരം വരെ നിര്‍ബന്ധമായും പഠിക്കണം. ഇതിനകത്ത് ഭാഷാ ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയിട്ടില്ല. കോടതി ഉത്തരവുകളും സര്‍ക്കാര്‍ ഓഫീസ് ഫയലുകളുമെല്ലാം മലയാളത്തിലാക്കണം തുടങ്ങിയ തീരുമാനങ്ങള്‍ ഈ ന്യൂനപക്ഷങ്ങളെ തളര്‍ത്തി.
 
 
കന്നടയിലൊരു വാക്കുപോലും പറയാനറിയാത്ത തിരുവനന്തപുരം സ്വദേശികളെ പി.എസ്.സി നിയമന പ്രകാരം കാസറകോട്ടെ മൂന്ന് കന്നട സ്‌കൂളുകളിലേക്ക് നിയമിച്ചതും ചര്‍ച്ചയായപ്പോള്‍ കോടതി വിധി പ്രകാരം അവരെ രണ്ടുവര്‍ഷത്തേക്ക് കന്നട പഠിക്കാനയച്ചതും ഈ ന്യൂനപക്ഷങ്ങളോടുള്ള അതിരറ്റ സ്‌നേഹം കൊണ്ടാണെന്ന് വിശ്വസിക്കാന്‍ വയ്യ. എന്നിട്ടീ അധ്യാപകര്‍ക്കെന്ത് സംഭവിച്ചു, അവര്‍ കന്നട പഠിച്ചുവോ? ഫിസിക്കല്‍ സയന്‍സും നാച്ചുറല്‍ സയന്‍സും പഠിപ്പിക്കാനെത്തിയ മലയാളം അധ്യാപര്‍ പറഞ്ഞുകൊടുക്കുന്ന പാഠങ്ങളെന്തെന്നറിയാതെ പകച്ചുനില്‍ക്കുന്ന കന്നടക്കുട്ടികളെ കണ്ണുരുട്ടിയും പേടിപ്പിച്ചും പഠിപ്പിച്ചും അവര്‍ തടി തപ്പുന്നു. 
 
പിന്നേയുമുണ്ട് വിചിത്രമായ സംഗതികള്‍...  മലയാളിക്ക് സഭ്യമല്ലാത്തതെന്ന പേരില്‍ പേരുമാറ്റം ചെയ്യപ്പെട്ട ഒരു ഗ്രാമമാണ് മയിരെ. തുളുഭാഷയില്‍ മയിലെന്നും റോസാപ്പൂവിന്റെ നിറമെന്നുമെല്ലാം അര്‍ത്ഥം വരുന്ന പേര് മലയാളത്തില്‍ സഭ്യമല്ലാത്ത വാക്കാണെന്ന് പറഞ്ഞ് ഇവിടെ ജോലിക്കെത്തിയ മലയാളികള്‍ ഷേണി എന്ന് പേര് മാറ്റിച്ചസംഭവം നടന്നതും ഇതേ കാസര്‍കോട്ട് തന്നെ. മയിരെ ഗ്രാമത്തിലെ മറ്റൊരു സ്ഥലത്തിന്റെ പേരായിരുന്നു ഷേണി. കൂടുതലായും കൊങ്ങിണിക്കാര്‍ പാര്‍ക്കുന്ന ഈ സ്ഥലപ്പേരിന്റെ അര്‍ത്ഥം കൊങ്ങിണിയില്‍ ചാണകം എന്നാണ്. മലയാളിക്ക് അത് പെരുത്തിഷ്ടമായതോടെ ഈ ഗ്രാമം രേഖകളിലും ഇപ്പോള്‍ ഷേണിയാണ്. തുളുഭാഷയില്‍ പിറന്ന സ്ഥലപ്പേരുകളെല്ലാം പതുക്കെ പതുക്കെ മലയാളത്തിന് കീഴ്‌പ്പെടുന്ന ചിത്രമാണ് ഇപ്പോള്‍ ഇവിടുത്തുകാര്‍ കാണുന്നത്. ഹൊസദുര്‍ഗ്ഗെ ഹൊസ്ദുര്‍ഗ്ഗായതും, നെല്ലിക്കുഞ്ചെ നെല്ലിക്കുന്നായതും ഗാഡിഗുഡ്ഡെ വണ്ടിക്കുന്നായതും ഇങ്ങനെയാണ്.
 
അഞ്ച് ലക്ഷത്തിലധികം വരുന്ന ഭാഷാന്യൂന പക്ഷങ്ങളുണ്ട് കാസര്‍കോട് ജില്ലയില്‍. ഇതില്‍ മഹാ ഭൂരിപക്ഷവും കന്നട ന്യൂനപക്ഷമാണ്. മലയാളിക്കോ കന്നടക്കാരനോ മലയാളവും കന്നടയും അറിയുന്നവര്‍ക്കോ കൃത്യമായി മനസ്സിലാകാത്ത ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിച്ച് പി.എസ്.സിയും ഇവരെ പരിഹസിക്കുകതന്നെയാണ് ചെയ്യുന്നത്.
 
കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട പ്രഭാകരന്‍ കമ്മീഷന്‍ കാസര്‍കോട്ടെ ഭാഷാ ന്യൂനപക്ഷത്തെക്കൂടി പരിഗണിച്ച് ഇവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവുകളും നിയമങ്ങളും ഓഫീസുകളുടെ ബോര്‍ഡുകളും ബസ് ബോര്‍ഡും എല്ലാം അതാത് ഭാഷയില്‍ പ്രദര്‍ശിപ്പിക്കണമെന്നും, എത്തിച്ച് നല്‍കണമെന്നും പറഞ്ഞിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രണ്ട് മണ്ഡലങ്ങളാണ് കാസര്‍കോട്ടുള്ളത്. എന്നാല്‍ ഇവിടുത്തെ എംഎല്‍എമാരെക്കുറിച്ച് മതിപ്പുളവാക്കുന്ന ഒരു വാക്കുപോലും ഭാഷാന്യൂനപക്ഷങ്ങള്‍ പറഞ്ഞില്ല. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി കളക്ടര്‍ ചെയര്‍മാനായ സെല്‍ നിലവിലുണ്ടിവിടെ. മൂന്ന് മാസത്തെ കൃത്യമായ ഇടവേളയില്‍ ചേരേണ്ട സെല്‍ കൃത്യമായി ചേരാറില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. ഭാഷാ സംസ്‌ക്കാര സംരക്ഷണം മുന്‍നിര്‍ത്തി ഇവിടെ പണിത തുളു അക്കാദമിയും യക്ഷഗാന അക്കാദമിയും ഇടയ്‌ക്കെപ്പോഴെങ്കിലും സംഘടിപ്പിക്കപ്പെടുന്ന രണ്ടോ മൂന്നോ പരിപാടികളിലൊതുങ്ങാറാണ് പതിവ്. 
 
സര്‍ക്കാരിന്റെ ഇത്തരം നിലപാടുകളില്‍ തങ്ങളുടെ പ്രതിഷേധമറിയിക്കാന്‍ കന്നട, തമിഴ് ന്യൂനപക്ഷങ്ങള്‍ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തുകയുണ്ടായി. തങ്ങളുടെ ചെറുത്തുനില്‍പ്പിനായി ഈ ജനത നടത്തിയ ഏറ്റവും ഒടുവിലത്തെ പ്രതിഷേധമാണിത്. മുഖ്യമന്ത്രിയെക്കണ്ട് ഇവര്‍ നേരിട്ട് നിവേദനം സമര്‍പ്പിച്ചു. കന്നട ഭാഷയ്ക്കായി 300 പേരും തമിഴിന് വേണ്ടി 50 പേരുമാണ് സെക്രട്ടറിയേറ്റില്‍ ധര്‍ണ്ണയ്‌ക്കെത്തിയത്. മുഖ്യമന്ത്രി പരിഗണിക്കാമെന്ന് പറഞ്ഞതോടെ ഇവര്‍ വീണ്ടും പ്രതീക്ഷയിലാണ്.
 
 
മലയാളഭാഷ പഠിക്കാത്തവര്‍ക്ക് രക്ഷയില്ലാത്ത സാഹചര്യം വരുമ്പോള്‍ കന്നട ദമ്പതികളുടെ മക്കളും മലയാളം പഠിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. കന്നഡ അറിയുന്നവര്‍ക്കെന്ന് പറഞ്ഞിരുന്ന ജോലിപോലും മലയാളികള്‍ കരസ്ഥമാക്കുമ്പോള്‍ ഒരു മഹാഭൂരിപക്ഷത്തോട് ചെറുത്ത് നില്‍ക്കാനാകാതെ അവര്‍ ദയനീയമായി തോല്‍വി സമ്മതിക്കുകയാണ്. മാതൃഭാഷയെ മറന്ന് മറ്റൊരു ഭാഷയില്‍ മക്കളെ പഠിപ്പിക്കേണ്ട ഗതികേടില്‍ ഉഴറുന്ന ജനങ്ങളോട് ഉപ്പളയില്‍ ഒരുക്കിയ രാഷ്ട്രീയ പ്രചരണ വേദികളിലേക്ക് ഇവരെയെത്തിച്ച് അവരുടെ ഭാഷയില്‍ മുറിഞ്ഞ് മുറിഞ്ഞ് അവരെ അഭിസംബോധന ചെയ്ത നേതാക്കള്‍ മറുപടി പറയേണ്ട കുറെ കാര്യങ്ങളുണ്ട്.
 
ഭരണകൂടത്തോടും ബഹുഭൂരിപക്ഷം മലയാളി ജനതയോടും കലഹിച്ച്, തന്റെ സ്വത്വത്തെ മുറുകെപ്പിടിച്ച് എന്റെ മുന്നില്‍ നില്‍ക്കുന്ന ഈ അച്ഛന്‍ ആവര്‍ത്തിക്കുകയാണ്, ഞാനെന്റെ കുഞ്ഞിനെ കന്നഡേന്നേ പഠിപ്പിക്കൂ എന്ന് പറയുമ്പോള്‍ അതൊരു പ്രതിഷേധമാണ്. പിറന്ന നാടിന്റെ സംസ്‌കാരവും പൈതൃകവും ഭാഷയും അടിയറവുവെയ്ക്കാന്‍ തയ്യാറല്ലാത്തവരുടെ പ്രതിഷേധം.
 



 
 

Tuesday 29 November 2016

പാവങ്ങളെ ഇങ്ങനെ പറ്റിക്കരുത്; വീട് തരാം എന്നു പറഞ്ഞ് കാസര്‍ഗോഡ് നഗരസഭ ചെയ്തത്

                                                                അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്‌


പാവങ്ങളെ ഇങ്ങനെ പറ്റിക്കരുത്; വീട് തരാം എന്നു പറഞ്ഞ് കാസര്‍ഗോഡ് നഗരസഭ ചെയ്തത്

ഓരോ ദിവസവും ഇരുണ്ട് പുലരുമ്പോഴും നെഞ്ചില്‍ തീയാണ് കാസര്‍ഗോട് തളങ്കരയിലെ നബീസയ്ക്ക്. ക്ലോക്കിലെ സൂചി നിര്‍ത്താതെ പായുന്നതിനനുസരിച്ച് വയറും കരഞ്ഞു തുടങ്ങും. ഉപജീവനമാര്‍ഗ്ഗമോ മറ്റ് വരുമാനമോ, ആശ്രയമോ ഇല്ലാത്ത ഈ അറുപതുകാരിക്ക് ഒരു നേരം വിശപ്പാറ്റണമെങ്കില്‍ അന്യരുടെ മുന്നില്‍ കൈനീട്ടണം. അങ്ങനെ കിട്ടുന്നവ കൊണ്ടാണ് നബീസയുടെ വാടക വീട്ടിലെ രണ്ട് വയറുകള്‍ കഴിയേണ്ടത്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉപേക്ഷിച്ചു പോയപ്പോഴും ഇവര്‍ തളര്‍ന്നിരുന്നില്ല. ആടുവളര്‍ത്തിയും മറ്റും മകളെ വളര്‍ത്തി. ഓലകൊണ്ടുണ്ടാക്കിയ കൊച്ചുകൂരയില്‍ ഒരുമ്മയും മകളും ജീവിതം തള്ളി നീക്കി. എന്നാല്‍ പ്രായം തളര്‍ത്തിയ ശരീരത്തില്‍ അസുഖങ്ങളും പിടിമുറുക്കിയതോടെ ഒരു ദിവസം എങ്ങനെ തള്ളിനീക്കുമെന്നറിയാതെ ആ ഉമ്മയും മകളും പകച്ചു നിന്നു. വിശപ്പടക്കാന്‍ പോലും വഴിയില്ലാത്ത അവസ്ഥ. എന്നാല്‍ നബീസ ഭയം മുഴുവന്‍ വളര്‍ന്നു വരുന്ന മകളെ കുറിച്ചോര്‍ത്തായിരുന്നു. ഓലക്കുടിലില്‍ പ്രായപൂര്‍ത്തിയെത്തിയ മകളുമൊത്തുള്ള ജീവിതം ഉറക്കം കെടുത്തിയപ്പോഴാണ് ഈ ഉമ്മ വാടക വീട് തേടിയത്. എന്നാല്‍ ആ വാടകവീട്ടിലും തന്റെ മകള്‍ എത്രത്തോളം സുരക്ഷിതയായിരിക്കുമെന്ന് നബീസയ്ക്ക് ഉറപ്പില്ലായിരുന്നു.
'



നബീസയുടെ പ്രതീക്ഷ മുഴുവന്‍ നഗരസഭ വെച്ചുനല്‍കുമെന്ന് പറഞ്ഞ വീടായിരുന്നു. കഴിക്കാന്‍ ഭക്ഷണമില്ലെങ്കിലും മനസമാധനത്തോടെ തന്റെ മകളുമായി കിടന്നുറങ്ങാന്‍ കഴിയുമല്ലോയെന്നായിരുന്നു ഈ ഉമ്മയുടെ മനസില്‍. എന്നാല്‍
നബീസയ്ക്ക് വീടെന്ന സ്വപ്‌നം നഗരസഭ നല്‍കിയിട്ട് ഇപ്പോള്‍ പത്തുവര്‍ഷം കഴിഞ്ഞിരിക്കുന്നു. അവര്‍ ഇപ്പോഴും വാടകവീട്ടില്‍ തന്നെ.

നബീസയെ പോലെ, പ്രായം അന്‍പത് പിന്നിട്ടിട്ടും ഇന്നും സ്വന്തമായൊരു കൂര നിര്‍മ്മിക്കാന്‍ കഴിയാത്ത ബഷീറിനെ പോലെ, അസുഖം, കുടുംബ ബാധ്യതകള്‍, കടം ഇങ്ങനെ പല കാരണങ്ങളാലും ഒരുതരി മണ്ണ് പോലും സ്വന്തമായില്ലാത്ത 115 പേരെ കാസര്‍കോട് നഗരസഭ ഒരു സ്വപ്‌നം കാണിച്ചിരുന്നു, കയറിക്കിടക്കാന്‍, തന്റേതെന്ന് പറയാന്‍ സ്വന്തമായൊരു വീടെന്ന സ്വപ്‌നം. 2005-06 വര്‍ഷത്തെ പദ്ധതിയില്‍ കുടുംബശ്രീയെകൂടി ഉള്‍പ്പെടുത്തി ആശ്രയ എന്നപേരില്‍ സ്വപ്‌ന ഭവന പദ്ധതി പിറന്നത് അങ്ങനെയാണ്. നഗരസഭ പരിധിയിലെ ഏറ്റവും നിര്‍ധനരും, ആശ്രിതരുമായ 15 പേര്‍ക്ക് ആദ്യഘട്ടത്തില്‍ വീട് പാസായി. നബീസയും ബഷീറുമെല്ലാം ഇവരില്‍ ഉള്‍പ്പെട്ടവരാണ്.
കാസര്‍കോട് നഗരത്തില്‍ നിന്നും അല്‍പം മാറി പുലിക്കുന്നിലെ ഓണമൂല എന്ന പ്രദേശത്താണ് 2008-09 വര്‍ഷം പതിനഞ്ച് സ്വപ്‌ന ഭവനങ്ങള്‍ നിര്‍മാണം തുടങ്ങിയത്. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം കഥ മാറിമറിഞ്ഞു. വീടുകള്‍ കെട്ടി. പക്ഷേ ചതുപ്പ് നിലമായതിനാല്‍ കക്കൂസ് പണിയാന്‍ സാധിക്കില്ല. ആ കാരണം കൊണ്ടു തന്നെ ഇന്നും ഈ വീടുകള്‍ കാടുമൂടിക്കിടക്കുന്നു. ചുമരുപൊക്കി, കോണ്‍ക്രീറ്റ് ചെയ്ത് കിടക്കുന്ന 15 വീടുകള്‍ ഓണമൂലയിലുണ്ട്. കടന്നെത്താന്‍ ബുദ്ധിമുട്ടുന്ന തരത്തില്‍ കാടുപിടിച്ചിരിക്കുന്നു. ജീവിതകാലം മുഴുവന്‍ വാടകക്കാരാകേണ്ട ഗതികേടില്‍നിന്നും മോചനം സ്വപ്നം കണ്ടവരുടെ വീടുകളാണിങ്ങനെ അനാഥമായികിടക്കുന്നത്. വീടനുവദിച്ചവര്‍ക്ക് കൃത്യമായ രേഖകളുടെ കോപ്പി മാത്രമാണ് ഇപ്പോഴും നഗരസഭ കൊടുത്തിട്ടുള്ളത്. യഥാര്‍ത്ഥരേഖ കൈയ്യില്‍ കിട്ടുന്നതുവരെ ആ ഭൂമിയിന്‍മേല്‍ അവര്‍ക്കാര്‍ക്കും യാതൊരവകാശവുമില്ല.

ഒരു മനുഷ്യായുസ്സ് മുഴുവന്‍ കഷ്ടപ്പെട്ടിട്ടും അന്തിയുറങ്ങാന്‍ സ്വന്തമായൊരു കൂരയില്ലാത്തവനെ ഉണര്‍ത്തി വീടു നല്‍കാമെന്ന് പറഞ്ഞ നഗരഭാ അധികൃതര്‍ പലപ്പോഴായുള്ള ഈ പട്ടിണിപ്പാവങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായൊരുത്തരം നല്‍കിയിട്ടില്ല, ഇതുവരേയും. 50 ലക്ഷം രൂപ ചെലവില്‍ പണിതുടങ്ങിയ പദ്ധതി പാതിവഴിയില്‍ കാടെടുക്കാന്‍ തടങ്ങിയപ്പോള്‍ പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ നഗരസഭാ അധികൃതരെ ചോദ്യം ചെയ്യാനിറങ്ങി. കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് കുടുംബശ്രീയാണെന്നായിരുന്നു അധികൃതരുടെ മറുപടി. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി സ്ഥലം മാറിപ്പോയെന്നും, പഴയ ഫയലുകളെക്കുറിച്ച് തനിക്ക് യാതൊരറിവുമില്ലെന്നും ഫയലുകള്‍ പഠിച്ചിട്ട് പറയാമെന്ന് പുതിയ മെമ്പര്‍ സെക്രട്ടറിയും പറഞ്ഞു. നിരന്തരമായി മാധ്യമങ്ങള്‍ നഗരസഭാ ചെയര്‍പേഴ്ണിനോട് തിരക്കിയപ്പോള്‍ സ്ഥലത്തിന്റെ പ്രത്യേകതയും, അവിടെ കക്കൂസ് സൗകര്യവും, നടവഴിയുമൊരുക്കുവാനുള്ള പ്രയാസവുമാണ് അവര്‍ തടസമായി പറഞ്ഞത്. കൂട്ടത്തില്‍ ഒരുറപ്പും പറഞ്ഞു. വര്‍ഷാവസാനത്തോടെ താക്കോല്‍ ദാനം എന്നതാണ് നഗരസഭ ലക്ഷ്യം വെയ്ക്കുന്നതെന്ന്.

ഇതിനിടയിലും കോണ്‍ക്രീറ്റ് വര്‍ക്ക് കഴിഞ്ഞ വീടിന്റെ മറ്റു പണികള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ തീര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് മറ്റൊരു ഗുണഭോക്താവായ ബഷീര്‍. പണിമുഴുവന്‍ പൂര്‍ണ്ണമായാലും പൂര്‍ണ ഉടമസ്ഥാവകാശത്തിന് കടമ്പകളിനിയും കടക്കേണ്ടതുണ്ട് ബഷീറിന്.




വിശാലമായ പ്രദേശത്ത് മേല്‍ക്കൂരകള്‍ വാര്‍ത്തു വെച്ച പതിനഞ്ചു വീടുകള്‍ അനാഥമായിക്കിടക്കുന്നത്, സാമൂഹ്യവിരുദ്ധര്‍ താവളമാക്കിയിരിക്കുകയാണ്. രണ്ട് മണിക്കും മൂന്ന് മണിക്കുമെല്ലാം വീടുകളില്‍ വെളിച്ചം കാണാമെന്നും, പകല്‍വെട്ടം കണ്ടുകഴിഞ്ഞാല്‍ പിന്നെ ആളുകളെ കാണില്ലെന്നും സമീപപ്രദേശത്തെ താമസക്കാര്‍ പറയുന്നു. അതിനാല്‍ തന്നെ സന്ധ്യകഴിഞ്ഞാല്‍ സ്ത്രീകളും, കുട്ടികളും മുറ്റത്ത് പോലും തനിച്ചിറങ്ങാറില്ലത്രേ. നിരാശ്രയര്‍ക്ക് ആശ്രയമാകാന്‍ തുടങ്ങിയ പദ്ധതി സ്വൈര്യമായി ജീവിച്ചിരുന്ന പലരുടെയും മനസമധാനം തകര്‍ക്കുക കൂടിയാണ് ചെയ്തത്.

ആഘോഷക്കല്യാണ പാരമ്പര്യമുള്ള നാട്ടില്‍ സ്വന്തമായൊരു വീടില്ലെന്ന കാരണത്താല്‍ നാളെ നബീസയുടെ മകളുടെ വിവാഹം മുടങ്ങിപ്പോയാല്‍ തീര്‍ച്ചയായും നഗരസഭ ഉത്തരം പറയേണ്ടിവരും. മകളുടെ സുരക്ഷയ്ക്ക് വേണ്ടിമാത്രം താങ്ങാനാകാത്ത ഭാരം പേറിയ നബീസുമ്മയെപ്പോലെ ഇന്നല്ലെങ്കില്‍ നാളെ സ്വന്തമായൊരു വീട് തങ്ങള്‍ക്ക് കിട്ടിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന കുറേ പാവങ്ങള്‍. അവരിന്നും പ്രതീക്ഷയോടെ ജീവിക്കുകയാണ്. വിയര്‍പ്പൊഴുക്കിയതിന്റെ നല്ലൊരുഭാഗം വാടകക്കാരന് കൊടുത്തും, വിശപ്പടക്കാനും, വാടക കൊടുക്കാനും മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈ നീട്ടിയും അങ്ങനെ... 

Wednesday 29 June 2016

ഇന്ന്

ദേശീയ ക്യാമറാ ദിനം


മുന്നിലും പിറകിലും കണ്ണുകളുള്ളകാലം


തുണിക്കടകളില്‍ വസ്ത്രം മാറുന്ന പെണ്ണുടലുകളെ തിരയുന്ന ക്യാമറകളും കള്ളത്തരങ്ങളും കൈക്കൂലിയും പിടിക്കപ്പെടാതെ മറച്ചുവെയ്ക്കപ്പെടുന്ന ക്യാമറകളുമല്ല നമുക്കാവശ്യം. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ഉന്നതിക്കും മുതല്‍ക്കൂട്ടാകുന്ന ക്യാമറക്കണ്ണുകളാണ് നമുക്ക് വേണ്ടത്.

കണ്ട് കൊതിതീര്‍ക്കാന്‍ രണ്ടുകണ്ണുകള്‍ മതിയാകില്ലെന്ന് തോന്നുന്ന കാലത്ത് കുറച്ചധികം കണ്ണുകളുണ്ടായിരുന്നെങ്കിലെന്ന് കൊതിക്കാത്തവരുണ്ടാകില്ല.  കാഴ്ചയുടെ അതിര്‍വരമ്പുകളില്‍ നിരാശരായി മടങ്ങുന്ന മനസ്സുകള്‍ക്ക് പ്രതീക്ഷയുടെ കിരണവുമായായിരുന്നു ക്യാമറകളുടെ ജനനം.  ജീവിതവീഥിയിലെ മറക്കാത്ത മുഹൂര്‍ത്തങ്ങള്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സ്വന്തം രൂപം, മക്കളുടെ, ബന്ധുക്കളുടെ, പച്ചപ്പിന്റെ, പ്രകൃതിയുടെ അങ്ങനെ പലതും.  

പുതിയകാലത്തെ ജീവിതങ്ങളുടെ ആറാം ഇന്ദ്രിയമെന്നോ, ശരീരത്തിനോട് ചേരാത്ത ശരീര ഭാഗമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന മൊബൈലുകളുടെ കാലത്തെ ക്യാമകള്‍ കാഴ്ചയുടെ സാധ്യത അല്‍പം കൂടി കൂട്ടിയിട്ടുണ്ട്.  മുന്നിലും പിറകിലും ക്യാമറക്കണ്ണുള്ള ഈ സെല്‍ഫിക്കാലത്ത് ഒരു ദേശീയ ക്യാമറാ ദിനം കൂടി കടന്നുവരുമ്പോള്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് ഈ ദിവസം സാക്ഷിയാകേണ്ടതുണ്ട്.  ഏറ്റവും സുന്ദരനും സുന്ദരിയുമായി സമൂഹത്തിനുമുന്നില്‍ സ്വയം അവതരിപ്പിക്കാനുള്ള വിറളിപിടിച്ച പാച്ചിലിനിടയില്‍ കാലുതെന്നി ജീവിതത്തില്‍ നിന്നുതന്നെ ഔട്ടായിപ്പോയ പലമുഖങ്ങളും ഇടയ്ക്കിടെ പത്രത്താളുകളില്‍ കാണാം.  പാഞ്ഞടുക്കുന്ന തീവണ്ടിക്കുമുകളിലും, സൂയിസൈഡ് പോയിന്റുകളുടെ മുനമ്പില്‍ നില്‍ക്കാനും എന്നുവേണ്ട, സകലമാന ചാലഞ്ചുകള്‍ക്കും യുവാക്കള്‍ കൂട്ടത്തോടെ തയ്യാറാകുന്നത് തന്നെ ഈ അടയാളപ്പെടുത്തലിനോടുള്ള മതിഭ്രമം കൊണ്ടാണ്. ഫോട്ടോഷോപ്പിന്റെ അനന്ത സാധ്യതകള്‍ ഈ വിറളിപിടിച്ച പാച്ചിലിന് അല്‍പ്പംകൂടി പിരികയറ്റുന്നുണ്ട്.  തന്റെ ഇരുണ്ട നിറം മറച്ചുപിടിക്കാനും, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് തനിക്കുതന്നെതോന്നുന്ന പോരായ്മകള്‍ സ്വയം തിരുത്താനും, പെര്‍ഫെക്ടെന്ന് കാഴ്ചക്കാരനെ ബോധ്യപ്പെടുത്താനും അങ്ങനെ പലതിനും.  സൈബര്‍ ഇടങ്ങളും നവമാധ്യമങ്ങളും അവയെ ഏറ്റുവാങ്ങാനായുള്ള തെളിഞ്ഞ താളുകളുമായി നിറഞ്ഞു നില്‍ക്കുമ്പോള്‍ പിന്നെ പറയാനില്ല, സൈബറിടങ്ങളിലെ പല ഈയാംപാറ്റകളും ജന്‍മം കൊള്ളുന്നതും ഇതേ അടയാളപ്പെടുത്തലുകള്‍കൊണ്ടുതന്നെ.  തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്‌ചെയ്ത ചിത്രം മോര്‍ഫ് ചെയ്ത് വന്നതില്‍ തന്നെ സംശയിച്ച മാതാപിതാക്കളോട് ആത്മഹത്യയിലൂടെ മറുപടിനല്‍കിയ തമിഴ് പെണ്‍കുട്ടി ഇന്നലെ വരെയുള്ള ഈയ്യാംപാറ്റകളുടെ കൂട്ടത്തില്‍ പുറം ലോകമറിഞ്ഞ അവസാത്തെ പാറ്റയാണ്.  

സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ അനന്തസാധ്യതകളാണ് ഓരോ മൊബൈല്‍ഫോണുകളും നല്‍കുന്നത്.  അഭിപ്രായങ്ങളിലൂടെ, പറച്ചിലുകളിലൂടെ, ചിത്രങ്ങളിലൂടെ എല്ലാം ഓരോ വ്യക്തിയും സ്വയം അടയാളപ്പെടുത്താന്‍, താന്‍ കണ്ട കാഴ്ചകള്‍ ലോകത്തിന് മുന്നില്‍ തുറന്നുവെയ്ക്കാന്‍, തന്റെ അനുഭവങ്ങള്‍ കോറിയിടാന്‍ ഒക്കെ നമുക്കീ വിദ്യകള്‍ ഉപയോഗിക്കാം. തുണിക്കടകളില്‍ വസ്ത്രം മാറുന്ന പെണ്ണുടലുകളെ തിരയുന്ന ക്യാമറകളും കള്ളത്തരങ്ങളും കൈക്കൂലിയും പിടിക്കപ്പെടാതെ മറച്ചുവെയ്ക്കപ്പെടുന്ന ക്യാമറകളുമല്ല നമുക്കാവശ്യം. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ഉന്നതിക്കും മുതല്‍ക്കൂട്ടാകുന്ന ക്യാമറക്കണ്ണുകളാണ് നമുക്ക് വേണ്ടത്.

അനന്തമായ അതിന്റെ സാധ്യതകളെ മടികൂടാതെ ഒപ്പം ചേര്‍ക്കാന്‍ നമുക്ക് സാധിക്കണം.  ഈ ക്യാമറാ ദിനത്തില്‍ ഉള്‍ക്കാഴ്കള്‍ നിറഞ്ഞ ചിത്രങ്ങളെ തേടുന്ന ക്യാമറക്കണ്ണുകള്‍ നമുക്ക് ആഗ്രഹിക്കാം...


Wednesday 11 May 2016

പെണ്ണേ… ഇവിടെ നീ സുരക്ഷിതയല്ല: മകളെക്കുറിച്ച് ആധികയറി ഒരമ്മ പോലീസില്‍ പരാതിപ്പെടുമ്പേള്‍, അവള്‍ ഭ്രാന്തിയാകുമെങ്കില്‍ ഇവിടെ ഭ്രാന്തരല്ലാത്ത ആരാണുള്ളത്?



അടച്ചുറപ്പില്ലാത്ത മുറികളില്‍, വീടുകളില്‍ കഴിയുന്ന പെണ്ണിന്കേരളത്തില്‍ ഇനി രക്ഷയില്ല… പെരുമ്പാവൂരിലെ ജിഷ ആ ചിത്രം വളരെ വ്യക്തമായി കാണിച്ചുതന്നിരിക്കുന്നു. ദളിതരും, ചൂഷിതരും, സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവര്‍ക്കും, മുഖ്യധാരയെന്ന സാങ്കല്‍പിക ഭൂപടത്തിലേക്കിനിയും എത്തിയിട്ടില്ലാത്തവര്‍ക്കുമൊക്കെയായി മാനിഫെസ്റ്റോ പുറത്തിറക്കുന്ന ഭരണകൂടമാണ് നമ്മുടേത്. തിരഞ്ഞെടുപ്പെന്ന തലവേദന കഴിഞ്ഞ് അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ സൗകര്യപൂര്‍വ്വം മറന്നുകളയുന്ന വാഗ്ദാങ്ങളുടെ ഘോഷയാത്ര!!
സംസ്ഥാനത്തെ പോലീസ് സന്നാഹങ്ങള്‍ മുഴുവന്‍ കൂട്ടുപിടിച്ചിട്ടും, വലുതെന്ന് പറയാവുന്ന ഒരു തുമ്പും ഇതുവരേയ്ക്കും കൊണ്ടുവരാന്‍ കഴിയാത്ത പോലീസിനും, ഭരണകൂടത്തിനുമെതിരെ, ജിഷയ്ക്ക് വേണ്ടി സമരമിരുന്നവരെ പ്രകോപനങ്ങളേതുമില്ലാതെ തല്ലിച്ചതച്ചത് പ്രബുദ്ധമെവന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം നാം പറയാറുള്ള ഈ കേരളത്തില്‍ തന്നെയാണ്. അയല്‍ സംസ്ഥാനങ്ങളിലും, രാജ്യത്തിനകത്തുള്ള പല കോണുകളിലും ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ആദ്യം പ്രതികരിക്കുന്ന മലയാളി സമൂഹമാണ്. ഇതേ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് വീണ്ടും വീണ്ടും ഊരും പേരുമില്ലാത്തവര്‍ നടത്തുന്ന സമരമെന്ന് പറഞ്ഞ് സൗമ്യയ്ക്ക് വേണ്ടി നടത്തിയ ഹര്‍ത്താല്‍ ബഹിഷ്‌കരിച്ചത്.

എല്ലാ പാര്‍ട്ടി വക്താക്കളും ജിഷയുടെ കരഞ്ഞുതളര്‍ന്ന അമ്മയെകാണാനെത്തി. പ്രഹസനമെന്ന് തന്നെ വിളിക്കാവുന്ന കുറേ വാഗ്ദാനങ്ങളും നല്‍കി മടങ്ങി. ക്യാമറവെട്ടത്തിലാകുമ്പോള്‍ കഷ്ടപ്പെട്ട് കണ്ണീരണിഞ്ഞവര്‍, ഇസ്തിരിവെച്ച വസ്ത്രം നോക്കാതെ ആ സാധു സ്ത്രീയെ ചേര്‍ത്തു പിടിച്ചവര്‍… വണ്ടിപിടിച്ചും മൈലുകള്‍ താണ്ടിയും ആശുപത്രിയിലെത്തി കണ്ണുനീരുണങ്ങാത്ത മുഖത്തിനൊപ്പം സെല്‍ഫി പിടിച്ചവര്‍ അങ്ങനെ.
ഇനിയൊരു സൗമ്യ ഉണ്ടാകരുതെന്ന് ആവര്‍ത്തിച്ചു പറഞ്ഞുനടന്ന ഇവിടെതന്നെയാണ് പെരുമ്പാവൂരും. പെണ്ണിന് യാതൊരു സുരക്ഷയുമില്ലാത്ത, പെണ്ണിനെ മാനിക്കാത്ത, പെണ്ണിടങ്ങള്‍ പോലും നല്‍കാന്‍ മടിക്കുന്ന ഇവിടെ ഒരുകാലത്തെ സാമൂഹ്യ ശാപമായിരുന്ന പെണ്‍ഭ്രൂണഹത്യകള്‍ വീണ്ടും തിരികെ വന്നാല്‍ അതിശയിക്കേണ്ടതില്ല.. സുരക്ഷിതമല്ലാത്ത ഈ ലോകത്തേക്ക് അവള്‍ വരേണ്ടെന്ന് രക്ഷിതാക്കള്‍ തീരുമാനിക്കുന്ന കാലം വിദൂരമല്ല.
പരസ്പരം പഴിചാരാനും, വിഴുപ്പലക്കാനും മാത്രം സമയം കണ്ടെത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ തള്ളിക്കഞ്ഞുള്ള പ്രതികരണങ്ങളെ സ്വാഗതം ചെയ്യേണ്ടീയിരിക്കുന്നു. തിരഞ്ഞെടുപ്പുകളെ നാം അങ്ങനെതന്നെ നേരിടണം. ഇനിയും ജിഷമാരുണ്ടാകാതിരിക്കാന്‍ അത്രയെങ്കിലും നമ്മള്‍ ചെയ്യേണ്ടതില്ലേ?…