Sunday 4 December 2016



അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്‌


ഞാനെന്റെ കുഞ്ഞിനെ കന്നഡേന്നേ പഠിപ്പിക്കൂ... ഗതികെട്ട ഇങ്ങനെയും കുറെ മനുഷ്യര്‍ 'കേരള'ത്തിലുണ്ട്



"ഞാനെന്റെ കുഞ്ഞീനെ കന്നഡേന്നേ പഠിപ്പിക്കൂ..." തുളുനാടന്‍ മണ്ണില്‍ പിച്ചവെച്ച, നാക്കെടുത്തൊന്ന് മിണ്ടാന്‍ തുടങ്ങിയ കാലം മുതല്‍ തുളുവുരിയാടിയ, എഴുത്തിനായി കന്നഡക്കൂട്ട് തേടിയ ഒരച്ഛന്റെ വാക്കാണിത്. മലയാളം അത്രയൊന്നും വഴങ്ങാതെ വരുമ്പോള്‍ ഇംഗ്ലീഷിനെ കൂട്ടുപിടിച്ച് സുന്ദരയെന്ന ആ മനുഷ്യന്‍ സംസാരിച്ചു തുടങ്ങുകയാണ്. തുളു, കന്നഡ, ഉര്‍ദു, ബ്യാരി, കൊങ്കിണി, മറാത്തി, ഹിന്ദി പിന്നെ ഈ പറഞ്ഞ ഭാഷകളെല്ലാം കലര്‍ന്ന മലയാളവും; കാസര്‍കോടന്‍ മലയാളം കൂടാതെ കുഴഞ്ഞുകിടക്കുന്ന കാസര്‍കോടിനെക്കുറിച്ച്. യക്ഷഗാനവും തുളുതെയ്യങ്ങളും കോഴിക്കെട്ടും, കാളയോട്ടവും കുഴഞ്ഞു കിടക്കുന്ന മണ്ണില്‍ ജീവിക്കുന്ന കന്നഡികന്റേയും തുളുനാടന്‍ ജീവിതങ്ങളുടേയും കഥ. തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയപ്പോള്‍ മാത്രം കാസര്‍കോടിന് വണ്ടികയറി, മംഗ്ലീഷ് പോലെ മങ്കന്നടയിലെഴുതി നല്‍കിയ കുറിപ്പുകള്‍ നോക്കി വായിച്ച് തുളുമണ്ണില്‍ കയ്യടി നേടിയ ഓരോ നേതാക്കളും ഈ അച്ഛന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തേ തീരൂ... 
 
അതിരുകള്‍ പ്രകാരം കേരളത്തിലെങ്കിലും ഇന്നും അത് സമ്മതിക്കാന്‍ കുറേക്കൂടി സമയം ആവശ്യമാണ് ചന്ദ്രഗിരിക്ക് വടക്ക് കിടക്കുന്ന ജീവിതങ്ങള്‍ക്ക്. ഒരുതരത്തിലും കേരള സംസ്‌ക്കാരവുമായി ചേര്‍ന്നുപോകാത്ത ജീവിതരീതിയാണിവരുടേത്. ഓണമാഘോഷിക്കാതെ ദീപാവലി കൊണ്ടാടുന്ന, മലബാറിന്റെ തെയ്യത്തെപ്പോലും തുളുവില്‍ പൊതിഞ്ഞ് പ്രാര്‍ത്ഥിക്കുന്നവരുടെ നാട്. പൂമാണി, കിന്നിമാണി, ധൂമാവതി ഇങ്ങനെ പോകുന്നു തുളുനാടന്‍ തെയ്യക്കഥ. ചെണ്ടയും ചിഞ്ചിലവുമടങ്ങുന്ന തെയ്യത്തിന്റെ മേളത്തേക്കാള്‍ ഉഗ്രശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ ഈണത്തില്‍ വായിച്ച് തുളു തെയ്യങ്ങള്‍ നിറഞ്ഞാടും.  ഇവിടെയും കൂടുതലടുപ്പം കര്‍ണ്ണാടകയുമായിത്തന്നെ.
 
കന്നട സിനിമകളില്‍ മാത്രം കണ്ടുശീലിച്ച ആചാരാനുഷ്ഠാനങ്ങളിന്നും ഈ തുളു നാട്ടുകാര്‍ കൈവിടാതെ കൊണ്ടു നടക്കുന്നുണ്ടെങ്കിലും മാതൃഭാഷയിലും ആചാരങ്ങളിലും കലര്‍പ്പുകള്‍ വന്നുചേരുന്നത് അംഗീകരിക്കാനാകാതെ ഉഴറുകയാണ് ഇവിടുത്തുകാര്‍. 2015-ല്‍ മലയാളം ഭാഷ ആക്ട് സര്‍ക്കാര്‍ കൈക്കൊണ്ടപ്പോള്‍ വെട്ടിലായത് ഈ സമൂഹമാണ്. വിദ്യാസമ്പന്നരായ ഒരുകൂട്ടം ആളുകള്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ നിറവേറുന്നതിനായി മലയാളമറിയുന്നവരുടെ സഹായം തേടേണ്ടിവരുന്ന ഗതികേടിനെക്കുറിച്ച്, അത്തരമൊരു ആപ്പില്‍ അകപ്പെട്ടിട്ടില്ലാത്ത ഒരു ജനതോട് പറഞ്ഞ് മടുത്തവരാണീ ജനത. ഈ നിയമപ്രകാരം മലയാളം ഒന്നാംഭാഷയായി പത്താംതരം വരെ നിര്‍ബന്ധമായും പഠിക്കണം. ഇതിനകത്ത് ഭാഷാ ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയിട്ടില്ല. കോടതി ഉത്തരവുകളും സര്‍ക്കാര്‍ ഓഫീസ് ഫയലുകളുമെല്ലാം മലയാളത്തിലാക്കണം തുടങ്ങിയ തീരുമാനങ്ങള്‍ ഈ ന്യൂനപക്ഷങ്ങളെ തളര്‍ത്തി.
 
 
കന്നടയിലൊരു വാക്കുപോലും പറയാനറിയാത്ത തിരുവനന്തപുരം സ്വദേശികളെ പി.എസ്.സി നിയമന പ്രകാരം കാസറകോട്ടെ മൂന്ന് കന്നട സ്‌കൂളുകളിലേക്ക് നിയമിച്ചതും ചര്‍ച്ചയായപ്പോള്‍ കോടതി വിധി പ്രകാരം അവരെ രണ്ടുവര്‍ഷത്തേക്ക് കന്നട പഠിക്കാനയച്ചതും ഈ ന്യൂനപക്ഷങ്ങളോടുള്ള അതിരറ്റ സ്‌നേഹം കൊണ്ടാണെന്ന് വിശ്വസിക്കാന്‍ വയ്യ. എന്നിട്ടീ അധ്യാപകര്‍ക്കെന്ത് സംഭവിച്ചു, അവര്‍ കന്നട പഠിച്ചുവോ? ഫിസിക്കല്‍ സയന്‍സും നാച്ചുറല്‍ സയന്‍സും പഠിപ്പിക്കാനെത്തിയ മലയാളം അധ്യാപര്‍ പറഞ്ഞുകൊടുക്കുന്ന പാഠങ്ങളെന്തെന്നറിയാതെ പകച്ചുനില്‍ക്കുന്ന കന്നടക്കുട്ടികളെ കണ്ണുരുട്ടിയും പേടിപ്പിച്ചും പഠിപ്പിച്ചും അവര്‍ തടി തപ്പുന്നു. 
 
പിന്നേയുമുണ്ട് വിചിത്രമായ സംഗതികള്‍...  മലയാളിക്ക് സഭ്യമല്ലാത്തതെന്ന പേരില്‍ പേരുമാറ്റം ചെയ്യപ്പെട്ട ഒരു ഗ്രാമമാണ് മയിരെ. തുളുഭാഷയില്‍ മയിലെന്നും റോസാപ്പൂവിന്റെ നിറമെന്നുമെല്ലാം അര്‍ത്ഥം വരുന്ന പേര് മലയാളത്തില്‍ സഭ്യമല്ലാത്ത വാക്കാണെന്ന് പറഞ്ഞ് ഇവിടെ ജോലിക്കെത്തിയ മലയാളികള്‍ ഷേണി എന്ന് പേര് മാറ്റിച്ചസംഭവം നടന്നതും ഇതേ കാസര്‍കോട്ട് തന്നെ. മയിരെ ഗ്രാമത്തിലെ മറ്റൊരു സ്ഥലത്തിന്റെ പേരായിരുന്നു ഷേണി. കൂടുതലായും കൊങ്ങിണിക്കാര്‍ പാര്‍ക്കുന്ന ഈ സ്ഥലപ്പേരിന്റെ അര്‍ത്ഥം കൊങ്ങിണിയില്‍ ചാണകം എന്നാണ്. മലയാളിക്ക് അത് പെരുത്തിഷ്ടമായതോടെ ഈ ഗ്രാമം രേഖകളിലും ഇപ്പോള്‍ ഷേണിയാണ്. തുളുഭാഷയില്‍ പിറന്ന സ്ഥലപ്പേരുകളെല്ലാം പതുക്കെ പതുക്കെ മലയാളത്തിന് കീഴ്‌പ്പെടുന്ന ചിത്രമാണ് ഇപ്പോള്‍ ഇവിടുത്തുകാര്‍ കാണുന്നത്. ഹൊസദുര്‍ഗ്ഗെ ഹൊസ്ദുര്‍ഗ്ഗായതും, നെല്ലിക്കുഞ്ചെ നെല്ലിക്കുന്നായതും ഗാഡിഗുഡ്ഡെ വണ്ടിക്കുന്നായതും ഇങ്ങനെയാണ്.
 
അഞ്ച് ലക്ഷത്തിലധികം വരുന്ന ഭാഷാന്യൂന പക്ഷങ്ങളുണ്ട് കാസര്‍കോട് ജില്ലയില്‍. ഇതില്‍ മഹാ ഭൂരിപക്ഷവും കന്നട ന്യൂനപക്ഷമാണ്. മലയാളിക്കോ കന്നടക്കാരനോ മലയാളവും കന്നടയും അറിയുന്നവര്‍ക്കോ കൃത്യമായി മനസ്സിലാകാത്ത ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിച്ച് പി.എസ്.സിയും ഇവരെ പരിഹസിക്കുകതന്നെയാണ് ചെയ്യുന്നത്.
 
കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട പ്രഭാകരന്‍ കമ്മീഷന്‍ കാസര്‍കോട്ടെ ഭാഷാ ന്യൂനപക്ഷത്തെക്കൂടി പരിഗണിച്ച് ഇവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവുകളും നിയമങ്ങളും ഓഫീസുകളുടെ ബോര്‍ഡുകളും ബസ് ബോര്‍ഡും എല്ലാം അതാത് ഭാഷയില്‍ പ്രദര്‍ശിപ്പിക്കണമെന്നും, എത്തിച്ച് നല്‍കണമെന്നും പറഞ്ഞിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രണ്ട് മണ്ഡലങ്ങളാണ് കാസര്‍കോട്ടുള്ളത്. എന്നാല്‍ ഇവിടുത്തെ എംഎല്‍എമാരെക്കുറിച്ച് മതിപ്പുളവാക്കുന്ന ഒരു വാക്കുപോലും ഭാഷാന്യൂനപക്ഷങ്ങള്‍ പറഞ്ഞില്ല. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി കളക്ടര്‍ ചെയര്‍മാനായ സെല്‍ നിലവിലുണ്ടിവിടെ. മൂന്ന് മാസത്തെ കൃത്യമായ ഇടവേളയില്‍ ചേരേണ്ട സെല്‍ കൃത്യമായി ചേരാറില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. ഭാഷാ സംസ്‌ക്കാര സംരക്ഷണം മുന്‍നിര്‍ത്തി ഇവിടെ പണിത തുളു അക്കാദമിയും യക്ഷഗാന അക്കാദമിയും ഇടയ്‌ക്കെപ്പോഴെങ്കിലും സംഘടിപ്പിക്കപ്പെടുന്ന രണ്ടോ മൂന്നോ പരിപാടികളിലൊതുങ്ങാറാണ് പതിവ്. 
 
സര്‍ക്കാരിന്റെ ഇത്തരം നിലപാടുകളില്‍ തങ്ങളുടെ പ്രതിഷേധമറിയിക്കാന്‍ കന്നട, തമിഴ് ന്യൂനപക്ഷങ്ങള്‍ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തുകയുണ്ടായി. തങ്ങളുടെ ചെറുത്തുനില്‍പ്പിനായി ഈ ജനത നടത്തിയ ഏറ്റവും ഒടുവിലത്തെ പ്രതിഷേധമാണിത്. മുഖ്യമന്ത്രിയെക്കണ്ട് ഇവര്‍ നേരിട്ട് നിവേദനം സമര്‍പ്പിച്ചു. കന്നട ഭാഷയ്ക്കായി 300 പേരും തമിഴിന് വേണ്ടി 50 പേരുമാണ് സെക്രട്ടറിയേറ്റില്‍ ധര്‍ണ്ണയ്‌ക്കെത്തിയത്. മുഖ്യമന്ത്രി പരിഗണിക്കാമെന്ന് പറഞ്ഞതോടെ ഇവര്‍ വീണ്ടും പ്രതീക്ഷയിലാണ്.
 
 
മലയാളഭാഷ പഠിക്കാത്തവര്‍ക്ക് രക്ഷയില്ലാത്ത സാഹചര്യം വരുമ്പോള്‍ കന്നട ദമ്പതികളുടെ മക്കളും മലയാളം പഠിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. കന്നഡ അറിയുന്നവര്‍ക്കെന്ന് പറഞ്ഞിരുന്ന ജോലിപോലും മലയാളികള്‍ കരസ്ഥമാക്കുമ്പോള്‍ ഒരു മഹാഭൂരിപക്ഷത്തോട് ചെറുത്ത് നില്‍ക്കാനാകാതെ അവര്‍ ദയനീയമായി തോല്‍വി സമ്മതിക്കുകയാണ്. മാതൃഭാഷയെ മറന്ന് മറ്റൊരു ഭാഷയില്‍ മക്കളെ പഠിപ്പിക്കേണ്ട ഗതികേടില്‍ ഉഴറുന്ന ജനങ്ങളോട് ഉപ്പളയില്‍ ഒരുക്കിയ രാഷ്ട്രീയ പ്രചരണ വേദികളിലേക്ക് ഇവരെയെത്തിച്ച് അവരുടെ ഭാഷയില്‍ മുറിഞ്ഞ് മുറിഞ്ഞ് അവരെ അഭിസംബോധന ചെയ്ത നേതാക്കള്‍ മറുപടി പറയേണ്ട കുറെ കാര്യങ്ങളുണ്ട്.
 
ഭരണകൂടത്തോടും ബഹുഭൂരിപക്ഷം മലയാളി ജനതയോടും കലഹിച്ച്, തന്റെ സ്വത്വത്തെ മുറുകെപ്പിടിച്ച് എന്റെ മുന്നില്‍ നില്‍ക്കുന്ന ഈ അച്ഛന്‍ ആവര്‍ത്തിക്കുകയാണ്, ഞാനെന്റെ കുഞ്ഞിനെ കന്നഡേന്നേ പഠിപ്പിക്കൂ എന്ന് പറയുമ്പോള്‍ അതൊരു പ്രതിഷേധമാണ്. പിറന്ന നാടിന്റെ സംസ്‌കാരവും പൈതൃകവും ഭാഷയും അടിയറവുവെയ്ക്കാന്‍ തയ്യാറല്ലാത്തവരുടെ പ്രതിഷേധം.
 



 
 

No comments:

Post a Comment